സോളാർ കേസിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചിരുന്നത്. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മൻചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്

കോട്ടയം: വി എസ് അച്യുതാനന്ദന്(vs achuthanandan) എ‌തിരായ മാനനഷ്ടക്കേസിലെ വിധിക്കെതിരെ അപ്പീൽ (appeal)പോകുക എന്നത് വി എസ് അച്യുതാനന്ദന്റെ അവകാശം ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി(oommenchandy) .വി എസ് അച്യുതാനന്ദനെതിരായ മാനഷ്ടക്കേസിൽ ഉൾപ്പെടെ സോളാർ കേസിൽ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാർ കേസിൽ മൂന്ന് കമ്മീഷൻ റിപ്പോർട്ടിലും കുറ്റകാരൻ എന്ന പരാമർശം ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസമാണ് തനിക്ക് ഉള്ളതെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.

സോളാർ കേസിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചിരുന്നത്. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മൻചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. 

സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 

പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടിക്ക് നൽകണം.

ഈ വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ രം​ഗത്തെത്തിയിരുന്നു . കോടതി വിധി യുക്തി സഹമല്ലെന്ന് പറഞ്ഞ വിഎസ് അപ്പില്‍ നല്‍കുമെന്ന് വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വി എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടിയിരുന്നു.