കാസർകോട്: കാഞ്ഞങ്ങാട് മുൻസിപ്പിൽ ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സ്ഥാനാർഥിക്ക് വോട്ടു ചെയ്യുകയും വോട്ട് അസാധുവാക്കുകയും ചെയ്ത പാർട്ടി പ്രതിനിധികൾക്കെതിരെ നടപടി വേണമെന്ന മുസ്ലീം ലീ​ഗിൽ ആവശ്യം. മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ നിരുത്തരവാദിത്തപരമായ വോട്ട് ചെയ്ത മൂന്ന് കൗൺസിലർമാർ രാജിവയ്ക്കണമെന്ന് കാഞ്ഞങ്ങാട്ടെ മുസ്ലീംലീ​ഗ് മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടത്. 

അതേസമയം നടപടി വിവാദമായതോടെ യുഡിഎഫിന് ഉറച്ച വോട്ട് നൽകിയ മൂന്ന് കൗൺസിലർമാരും മുസ്ലീംലീ​ഗ് നേതൃത്വത്തിന് രാജിക്കത്ത് നൽകി. തങ്ങൾക്ക് കൈയ്യബദ്ധം പറ്റിയതാണെന്നാണ് മൂന്ന് പേരും രാജിക്കത്തിൽ പറയുന്നത്. കൗൺസിലർമാരുടെ രാജിക്കത്തിൽ അന്തിമ തീരുമാനം മുസ്ലീംലീ​ഗ് ജില്ലാ കമ്മിറ്റിയാവും സ്വീകരിക്കുക. 

കാഞ്ഞങ്ങാട് നഗരസഭയിലെ രണ്ട് മുസ്ലീം ലീഗ് അംഗങ്ങളാണ് സിപിഎം ചെയർപേഴ്സൺ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. ഇതോടെ 24 ൽ നിന്നും 26 ആയി വോട്ട് ഉയർന്ന് സി പി എം പ്രതിനിധി  കെ.വി സുജാത ടീച്ചർ കാഞ്ഞങ്ങാട് ന​ഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വാർഡിലെ മെമ്പർ അസ്മ മാങ്കാവും 27-ാം വാർഡ് മെമ്പർ ഹസ്ന റസാക്കുമാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ലീഗ് പ്രതിനിധികൾ. ലീ​ഗ് പ്രതിനിധികൾ അബദ്ധത്തിൽ  വോട്ട് ചെയ്തുവെന്നാണ് യുഡിഎഫ് നൽകുന്ന വിശദീകരണം. 

രണ്ട് പേർ മാറ്റിക്കുത്തിയത് പോരാതെ ഒരു മുസ്ലീം ലീഗ് പ്രതിനിധിയുടെ വോട്ട് അസാധു കൂടി ആയതോടെ അംഗബലം 13 ആയിട്ടും യു ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ട് പത്തായി ചുരുങ്ങി. 6 അംഗങ്ങളുണ്ടായിട്ടും ബി ജെ പി സ്ഥാനാർത്ഥിക്ക് കിട്ടിയത് 3 വോട്ട് മാത്രം. 3 പേരുടെ വോട്ട് അസാധുവായി.