Asianet News MalayalamAsianet News Malayalam

മടവാളും കത്തിയും ചിരവയും പണം നല്‍കി വാങ്ങി മടക്കം; വിവാദം അവസാനിപ്പിക്കാതെ ജേക്കബ് തോമസ്

അവസാന ദിനം ഓഫിസില്‍ കിടന്നുറങ്ങിയാണ് അദ്ദേഹം പടിയിറങ്ങിയത് എന്നതും ശ്രദ്ധേയം. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
 

Jacob Thomas Buy Knife and Sword From Metal Industries Show room before retirement
Author
Palakkad, First Published May 31, 2020, 11:21 AM IST

പാലക്കാട്: വിരമിക്കല്‍ ദിനത്തിലും വിവാദം അവസാനിപ്പിക്കാതെ ഐപിഎസ് ഓഫിസര്‍ ഡോ. ജേക്കബ് തോമസ്. ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനം ഓഫിസ് മുറിയില്‍ കിടന്നുറങ്ങിയ ജേക്കബ് തോമസ്, കമ്പനി ഷോറൂമില്‍ നിന്ന് കത്തിയും മടവാളും ചിരവയുമെല്ലാം പണം നല്‍കി വാങ്ങിയാണ് മടങ്ങിയത്. ഷൊറണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായിരിക്കെയാണ് ജേക്കബ് തോമസ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയെത്തിയ ജേക്കബ് തോമസ് തൊഴിലാളികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു. വിരമിക്കല്‍ ചടങ്ങോ യാത്രയയപ്പോ സംഘടിപ്പിച്ചില്ല. 

അവസാന സർവീസ് ദിവസം ഓഫീസിൽ കിടന്നുറങ്ങി; മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഇന്ന് വിരമിക്കും

വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. പിന്നീട് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി വാങ്ങിയെത്തിയ അദ്ദേഹത്തെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയാക്കി നിയമിച്ചു. തന്നെ ഒതുക്കിയതാണെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു. 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത കത്തി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച ജേക്കബ് തോമസ്, പിന്നീട് പരശുരാമന്റെ മഴു നിര്‍മിച്ച് ശ്രദ്ധാകേന്ദ്രമായി. 

സര്‍വീസിലിരിക്കെ അനുമതിയില്ലാതെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകമെഴുതിയതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുന്നത്. പടിയിറങ്ങുന്ന അന്നുതന്നെ ജേക്കബ് തോമസിനെതിരെയുള്ള കേസില്‍ മുന്നോട്ടുപോകാമെന്ന ഹൈക്കോടതി വിധിയും പുറത്തുവന്നു. തമിഴ്‌നാട്ടിലെ രാജാപാളയത്ത്  അനധികൃതമായി ഭൂമി വാങ്ങിയ കേസാണ് തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. അവസാന ദിനം ാഫിസില്‍ കിടന്നുറങ്ങിയാണ് അദ്ദേഹം പടിയിറങ്ങിയത് എന്നതും ശ്രദ്ധേയം. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios