തിരുവനന്തപുരം: സസ്പെൻഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് വീണ്ടും നിയമനം. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റീൽ ആന്‍ഡ് മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എം ഡി ആയാണ് ജേക്കബ് തോമസിന് പുതിയ നിയമനം നൽകിയിരിക്കുന്നത്. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെങ്കിലും ഈ നിയമനം ജേക്കബ് തോമസ് അംഗീകരിക്കുമോ എന്നതിൽ വ്യക്തതയില്ല.

കഴിഞ്ഞ ഒന്നര വ‌ർഷമായി വിവിധ കാരണങ്ങളുടെ പേരിൽ സസ്പെൻഷനിലായിരുന്നു സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ്. ഒടുവിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് നടത്തിയ ശേഷമാണ് അദ്ദേഹത്തിന് അനുകൂലമായ വിധിയുണ്ടായതും, സർവ്വീസിൽ തിരിച്ചെടുക്കാൻ ഉത്തരവിറങ്ങിയതും. ട്രിബ്യൂണല്‍  ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ഒന്നരമാസമായിട്ടും നടപടികളൊന്നും ഉണ്ടായിരുന്നില്ല. 

ഈ സാഹചര്യത്തിൽ ജേക്കബ് തോമസ് വീണ്ടും നിയമനടപടികളിലേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സർക്കാർ നീക്കമെന്നാണ് സൂചന, തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ അത്തരമൊരു സാധ്യത ഒഴിവാക്കുകയാണ് നിയമനത്തിലൂടെ. 

സംസ്ഥാനത്തെ എറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് താനെന്നും അങ്ങനെ ഒരാളെ തിരിച്ചെടുക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സർക്കാരിനറിയാമെന്നുമായിരുന്നു നേരത്തെ ഇതേ പറ്റി ജേക്കബ് തോമസ് പ്രതികരിച്ചത്. അതിനാൽ തന്നെ പൊലീസിലെ കേഡർ പോസ്റ്റിന് പകരം പൊതുമേഖലാ സ്ഥാപനത്തിന്‍റെ തലപ്പത്തിരിക്കാൻ ജേക്കബ് തോമസ് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. 

ഏത് സ്ഥാപനത്തിലും സ്ഥാനത്തിലും നിയമിക്കാനുള്ള വിവേചനാധികാരം സർക്കാരിൽ നിക്ഷിപ്തമാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.