കൊച്ചി: പള്ളിത്തര്‍ക്കത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യാക്കോബായ സഭ. ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്നും പ്രഖ്യാപനം. ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികളിലും ഡിസംബര്‍ 13 ന് തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭയുടെ അറിയിപ്പ്. ഇടവകാംഗങ്ങളെ പള്ളികളില്‍ നിന്ന് പുറത്താക്കരുതെന്ന് സുപ്രീംകോടതിവിധിയില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും യാക്കോബായ സഭ നേതൃത്വം ചൂണ്ടികാട്ടുന്നു. നഷ്ടപ്പെട്ട പള്ളികള്‍ക്ക് മുന്നില്‍ റിലേ സത്യാഗ്രഹ സമരം നടത്താനും യാക്കോബായ സഭ നേരത്തെ തീരുമാനിച്ചിരുന്നു.

സഭക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സർക്കാരിനെതിരെയല്ല, നീതി ലഭിക്കാൻ വേണ്ടിയാണ് തങ്ങളുടെ സമരമെന്ന് സഭ സെക്രട്ടറി പീറ്റർ കെ ഏലിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഷ്‍ടപ്പെട്ട പള്ളികൾക്ക് മുന്നിൽ നാളെ പന്തൽ കെട്ടി സമരം നടത്തുമെന്നും 13 ന് ഈ പള്ളികളിൽ തിരികെ പ്രവേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. സർക്കാർ നിയമ നിർമാണം നടത്തും എന്ന് വിശ്വാസം ഉണ്ട്. നീതിയില്ലാതെ വന്നതിനാലാണ് സമരം നടത്തുന്നത്. ജനുവരി ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിത കാല സത്യാഗ്രഹം നടത്തുന്നത്. സെമിത്തേരിയുടെ കാവൽക്കർ എന്നാണ് ഓർത്തഡോക്സുകാരെ വിളിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചുയ

ഓർത്തഡോക്സ് വിഭാഗത്തിന് ഒത്താശ ചെയ്യുന്ന നടപടി പൊലീസ് പിൻവലിക്കണമെന്ന് യാക്കോബായ സഭാ ട്രസ്റ്റി കമാണ്ടർ ആവശ്യപ്പെട്ടു. പതിനഞ്ചു ലക്ഷം വിശ്വാസികളെ പുറത്താക്കുന്ന നീചമായ പ്രവർത്തിയാണ് നടക്കുന്നതെന്നും സ്വത്താണ് അവർക്ക് വേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.