കൊച്ചി: പള്ളി ഏറ്റെടുക്കലുകൾക്കെതിരെ വ്യത്യസ്ത സമരവുമായി യാക്കോബായ സഭ. വിശ്വാസ സംരക്ഷണത്തിനായി സർക്കാർ നിയമ നിർമാണം നടത്തണമെന്നും അതുവരെ പോരാട്ടം തുടരുമെന്നും യാക്കോബായ വിശ്വാസികൾ കുരിശിൽ കയർ കെട്ടി പ്രതിജ്ഞയെടുത്തു. മുളന്തുരുത്തി പള്ളിക്ക് മുന്നിലായിരുന്നു പ്രതിഷേധം. ഓർത്തഡോക്സ് സഭയ്ക്ക് പള്ളികൾ കൈമാറാനുള്ള സുപ്രീംകോടതി വിധി മറികടക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

കൂനൻ കുരിശ് സത്യത്തിന്റെ അനുസ്മരണെന്ന രീതിയിലാണ് ഇന്നത്തെ സമരം നടന്നത്. വിശ്വാസം സംരക്ഷിക്കുന്നതിനായി 1653 ൽ മട്ടാഞ്ചേരിയിൽ നടത്തിയ പ്രതിഷേധമാണ് കൂനൻ കുരിശു സത്യം എന്ന പേരിൽ അറിയപ്പെടുന്നത്. കൽക്കുരിശിൽ കെട്ടിയ വടത്തിൽ പിടിച്ചാണ് അന്ന് പ്രതിജ്‌ഞ ചൊല്ലിയത്. ഇതു പോലെയാണ് മുളന്തുരുത്തി മാർ തോമൻ പള്ളിക്കു മുന്നിലെ കുരിശിൽ കയർ കെട്ടിയത്. കയറിൽ പിടിച്ചു കൊണ്ട് വിശ്വാസികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി.

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്ത്ഡോക്സ് വിഭാഗത്തിന് കൈമാറാത്തതിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചതിനു പിന്നാലെയാണ് യാക്കോബായ സഭ സമരം ശക്തമാക്കിയത്. ഒരു മാസത്തിലധികമായി വിവിധ തരത്തിലുളള സമരങ്ങളാണ് സഭ നടത്തുന്നത്.