തിരുവനന്തപുരം: പള്ളിത്തർക്ക വിഷയം സംബന്ധിച്ച്, വരുന്ന  നിയമ സഭാ സമ്മേളനത്തിൽ സർക്കാർ നിയമം നിർമിക്കും എന്നു പ്രതീക്ഷിക്കുന്നതായി യാക്കോബായ സഭ. ആർജവമുള്ള മുഖ്യമന്ത്രിയും ഇച്ഛാശക്തിയും ഉള്ള സർക്കാർ ഉണ്ടെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. യാക്കോബായ സഭ മെത്രാപോലീത്തമാരും വൈദികരും സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ ആരോഗ്യ കാരണങ്ങളാൽ ഇന്നത്തെ 
സമരത്തിൽ പങ്കെടുക്കുന്നില്ല. സമരം സഭാ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു.

എല്ലായിടത്തും നിയമം മാത്രം പറയുകയാണോ വേണ്ടത് എന്ന് മറുവിഭാഗം (ഓർത്തഡോക്സ്)  ചിന്തിക്കണമെന്ന് ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത പറഞ്ഞു. നിയമങ്ങൾക്കപ്പുറം നീതി യുക്തമായ നിലപാടുകൾ എടുക്കണം. മറുപക്ഷം (ഓർത്തഡോക്സ്) സുവിശേഷവും പ്രത്യയ ശാസ്ത്രവും കാറ്റിൽ പറത്തി പ്രവർത്തിക്കുന്നു. 600ൽ അധികം വരുന്ന പള്ളികൾ പിടിച്ചെടുക്കാൻ ഉള്ള നീക്കത്തിൽ നിന്നു സർക്കാർ അവരെ പിന്തിരിപ്പിക്കണം. ജനകീയ സർക്കാർ സാഹചര്യത്തിന് ഒപ്പം ഉയർന്നു പ്രവർത്തിക്കണം.  കോടതി വിധികളിലൂടെ മാത്രം ശാശ്വത പരിഹാരം ഉണ്ടാവുകയില്ല. അടങ്ങിയിരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ആണ് സമരവുമായി ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.