പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട്  നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ വിശദീകരണവുമായി പാർട്ടി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ്. ഫ്ലക്സ് തൂക്കിയത് നേതൃത്വത്തിൻ്റെ അറിവോടെ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കേണ്ടതില്ല. ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഫ്ലക്സ് നീക്കം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ബിജെപിയുടേത് നിയമവിരുദ്ധനടപടിയാണെന്നും നിയമവ്യവസ്ഥ തകർന്നതായും കോൺ​ഗ്രസ് പ്രതികരിച്ചു. ഫ്ലക്സ് സ്ഥാപിച്ച നടപടി വർ​ഗീയ വെല്ലുവിളിയാണെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ പറഞ്ഞു. പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് കേസ് എടുക്കാത്തത് എങ്കിൽ തങ്ങൾ പരാതി നൽകും. പാലക്കാട് എസ്പിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.