തെരഞ്ഞെടുപ്പ് ചൂടിലേക്ക് അതിവേഗം കടന്ന പുതുപ്പള്ളിയിൽ വാദ പ്രതിവാദങ്ങൾ മുറുകുകയാണ്.

കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേക്ക് അതിവേഗം കടന്ന പുതുപ്പള്ളിയിൽ വാദ പ്രതിവാദങ്ങൾ മുറുകുകയാണ്. സ്ഥാനാർത്ഥികളുടെയും ഇരുമുന്നണി നേതാക്കളുടെയും പ്രതികരണങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ചയാക്കുന്നുണ്ട്. ഇതെല്ലാം സസൂഷ്മം നിരീക്ഷിച്ച് വെല്ലുവിളികളും മറുപടികളുമായി സ്ഥാനാർത്ഥികൾ ഓരോ ദിവസവും സജീവമാവുകയും ചെയ്യുന്നു. പുതുപ്പള്ളിയിലെ വികസനം ചർച്ചയാക്കുന്ന എൽഡിഎഫിന് ചാണ്ടി ഉമ്മൻ നൽകിയ മറുപടിക്ക് പിന്നാലെ സംവാദത്തിന് ക്ഷണിച്ച് ജെയ്ക് വീണ്ടും രംഗത്തെത്തി. 

വികസന വിഷയത്തിൽ ചാണ്ടി ഉമ്മനെ വീണ്ടും സംവാദത്തിന് ക്ഷണിച്ചിരിക്കുകയാണ് ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. പഞ്ചായത്ത് ഓഫീസും കൃഷി ഭവനും ചൂണ്ടികാട്ടലല്ല വികസനമെന്നും ജെയ്ക് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു. ജനങ്ങളുടെ ജീവൽ സംബന്ധിയായ വിഷയങ്ങളിൽ കോൺഗ്രസ് മറുപടി പറയണമെന്നും ചാണ്ടി ഉമ്മന് സംവാദത്തിന് ക്ഷണിക്കുന്നതായും ജെയിക്ക് സി തോമസ് വിശദീകരിക്കുന്നു.

അതേസമയം, പള്ളിതർക്കത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടും ജെയ്ക് വ്യക്തമാക്കി. ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിലെ കോടതി വിധി നടപ്പാക്കുന്നതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ജെയ്കിന്റെ പ്രതികരണം. എല്ലാ വിഭാഗങ്ങളും സമാധാനപരമായി മുന്നോട്ട് പോകണമെന്നും, എംവി ഗോവിന്ദൻ പറഞ്ഞതിൽ വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ജെയ്ക് പറഞ്ഞു. 

Read more: അച്ഛനോടും മകനോടും തോറ്റവർ, അച്ഛനെയും മകനെയും തോൽപിച്ചവർ, അച്ഛനോട് ജയിച്ച് മകനോട് തോറ്റവർ...; തെരഞ്ഞെടുപ്പ് കഥ!

അതേസമയം, ജെയ്ക് സംവാദത്തിന് ക്ഷണിച്ചതിന് പിന്നാലെ മറുപടിയുമായി ചാണ്ടി ഉമ്മനും രംഗത്തെത്തി. പിണറായി സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള സംവാദത്തിന് തയ്യാറുണ്ടോ? എന്നിട്ടാവാം പുതുപ്പള്ളിയുടെ വികസനം ചർച്ച ചെയ്യുന്നത് എന്നായിരുന്നു ചാണ്ടിയുടെ പ്രതികരണം. ഏഴ് വർഷമായി എന്ത് വികസനമാണ് നടന്നത്. സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. പ്രചാരണ രംഗത്ത് നുണകളാണ് എൽഡിഎഫ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇരു സ്ഥാനാർഥികളും പ്രചരണ രംഗത്ത് മുന്നേറുമ്പോൾ ബി ജെ പി പ്രവർത്തകർ സ്ഥാനാർത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതീക്ഷിച്ച ആ തീരുമാനം ഇന്നെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പുതുപ്പള്ളിയിലെ ബി ജെ പി പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം