തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന ആരോപണങ്ങൾ നിക്ഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിനുള്ളിൽ കണ്ടിട്ടില്ലെന്നാണ് ജയിൽ വകുപ്പ്  വ്യക്തമാക്കുന്നത്. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ പാർപ്പിച്ചത്.

ഓരോ ജയിലിലും പാർപ്പിച്ചപ്പോൾ ആരൊക്കെ സ്വപ്നയെസന്ദർശിച്ചുവെന്നതിന് കൃത്യമായ രേഖകളും സിസി ടിവി ദൃശ്യങ്ങളുണ്ട്. അമ്മയും മകളും ഭർത്താവും സഹോദരനും അട്ടക്കുളങ്ങരയിൽ വന്ന് സ്വപ്നയെ നേരിട്ട് കണ്ടിട്ടുണ്ട്. ജയിലിൽ സ്വപ്ന ആരൊയൊക്കെ കണ്ടു, വിളിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങൾ എൻഐഎയെ അറിയിച്ചിട്ടുണ്ടെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി.

ജീവന് ഭീഷണിയെന്ന ആരോപണത്തെതുടർന്ന് സ്വപ്നക്ക് പ്രത്യേക സുരക്ഷയൊരുക്കിയതായും ജയിൽ അധികൃതർ വ്യക്തമാക്കി. ഒരു വനിത ഗാർഡ് സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറുമുണ്ടാകും. ജയിലിന്ന് പുറത്ത് കൂടുതൽ സായുധ പൊലീസിനെയും വിന്യസിച്ചു.