Asianet News MalayalamAsianet News Malayalam

കേസ് വന്നാലും ജലീൽ രാജിവയ്‌ക്കേണ്ട: എം വി ഗോവിന്ദൻ, സാങ്കേതികമെന്ന് വിജയരാഘവൻ, വിശ്വാസമെന്ന് ബാലൻ

സ്വർണ്ണക്കടത്ത് അന്വേഷണം പോകേണ്ടത് വിദേശകാര്യ സഹമന്ത്രി വി മുരളീധരനിലേക്കും ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരിലേക്കുമാണെന്നും ഗോവിന്ദൻ മാഷ് പറഞ്ഞു

Jaleel need not resign even if booked by NIA says CPM leader MV Govindan
Author
Thiruvananthapuram, First Published Sep 17, 2020, 10:29 AM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെടി ജലീലിന് പൂർണ്ണ പിന്തുണയുമായി വീണ്ടും സിപിഎം രംഗത്തെത്തി. മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് നേതാക്കളായ എംവി ഗോവിന്ദനും എൽഡിഎഫ് കൺവീനർ കൂടിയായ എ വിജയരാഘവനും പറഞ്ഞു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്നേയുള്ളൂ, കേസ് വന്നാൽ പോലും രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം.

സ്വർണ്ണക്കടത്ത് അന്വേഷണം പോകേണ്ടത് വിദേശകാര്യ സഹമന്ത്രി വി മുരളീധരനിലേക്കും ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരിലേക്കുമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജലീൽ ഏതെങ്കിലും നിയമലംഘനം നടത്തി എന്നതിൽ ചോദ്യം ചെയ്യുന്നതിൽ അസാധാരണമായി ഒന്നും കാണേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ഇത് സാങ്കേതികം മാത്രമാണ്. ജലീലും മുഖ്യമന്ത്രിയും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഭയപ്പെടാൻ ഉള്ള യാതൊരു കാര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഷയത്തിലും ആശങ്കയില്ല. സംശയം ഉണ്ടാക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിക്കും. കുഞ്ഞാലിക്കുട്ടി രാജിവെക്കാൻ ഇടയായ കീഴ്‌വഴക്കം ഒന്നും ജലീലിന്റെ കാര്യത്തിൽ ഇല്ല. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് നിരവധി സന്ദർഭങ്ങളിൽ കണ്ടിട്ടുള്ളതാണ്. കേരളത്തിലെ പ്രതിപക്ഷം ഒരു രാഷ്ട്രീയ പരാജയമാണ്. കളവുകൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉള്ള പദ്ധതി പ്രതിപക്ഷം തയ്യാറാക്കിയിട്ടുണ്ട്. നേതാക്കളുടെ കുടുംബത്തെയും കടന്നാക്രമിക്കുന്നു. നികൃഷ്ടമായ പ്രവർത്തന രീതി ആണ് പ്രതിപക്ഷം ഇപ്പോൾ നടത്തിക്കൊണ്ട് ഇരിക്കുന്നത്. പ്രതിപക്ഷത്തിന് നിരാശപ്പെടേണ്ടി വരുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉള്ള ഒരു ഉപകരണം ആയി അന്വേഷണ ഏജൻസികൾ മാറാൻ പാടില്ലെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം, ജലീലിന് പിന്തുണയുമായി മന്ത്രി എ കെ ബാലനും രംഗത്തെത്തി. ഒരു വിഷയവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താൻ എൻഐഎ വിളിച്ചുവരുത്തിയെന്നതല്ലാതെ അതിൽ അസ്വാഭാവികതയില്ലെന്നുമാണ് മന്ത്രി പറയുന്നത്. ജലീൽ രാജി വയ്‍ക്കേണ്ടതില്ല. ജലീലിൽ സമ്പൂർണവിശ്വാസമുണ്ട് എല്ലാവർക്കും. സാധാരണ രീതിയിലുള്ള നടപടിക്രമം മാത്രമാണ് ഇപ്പോൾ എൻഐഎ നടത്തിയിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചതിന്‍റെ പേരിൽ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി ബാലൻ. 

Follow Us:
Download App:
  • android
  • ios