മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 73 പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി. ഗ്യാനേഷ് കുമാറിനെതിരെ 9 ഗുരുതരമായ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിന്റെ നേതൃത്വത്തിൽ ഇംപീച്ച്മെന്റിന് സമാനമായ നടപടികൾക്ക് നീക്കം തുടങ്ങിയത്
ദില്ലി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ നീക്കം. കോൺഗ്രസ് വക്താവും എം പിയുമായ ജയറാം രമേശിന്റെ നേതൃത്വത്തിൽ 73 പ്രതിപക്ഷ എം പിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറി. 2026 മാർച്ച് 15 ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഭരണഘടനയുടെ 324 (5), 124 (4) അനുച്ഛേദങ്ങൾ പ്രകാരം ഇംപീച്ച്മെന്റ് നടപടികൾക്ക് സമാനമായ നോട്ടീസ് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കാനുള്ള പ്രമേയമായാണ് നോട്ടീസ് സമർപ്പിച്ചിട്ടുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നിഷേധിക്കാനാവാത്ത ഒമ്പതോളം ഗുരുതരമായ കുറ്റങ്ങൾ രേഖാമൂലം നിരത്തിയിട്ടുണ്ടെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വേണ്ടി ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരാൾ ഈ പദവിയിൽ തുടരുന്നത് അപമാനകരമാണെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നീങ്ങുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ നീക്കം പ്രതിപക്ഷം കടുപ്പിച്ചത്.
ഖർഗെയുടെ മറുപടി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'ഭീകരവാദി' പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിന് ഇന്നലെയാണ് മല്ലികാർജ്ജുൻ ഖർഗെയും കോൺഗ്രസും മറുപടി നൽകിയത്. ഖർഗെ പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. നരേന്ദ്ര മോദിയെ 'ഭീകരവാദി' എന്ന് വിശേഷിപ്പിച്ചെന്ന് കാട്ടി ബി ജെ പി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷന് 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. നരേന്ദ്ര മോദിയെ 'ഭീകരവാദി' എന്ന് വിളിച്ചിട്ടില്ലെന്ന വ്യക്തമാക്കിക്കൊണ്ട് ഖർഗെ നൽകിയ വിശദീകരണം പൊതുമധ്യത്തിൽ ഉണ്ടെന്നും കോൺഗ്രസ് ഇന്ന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കെതിരായ വിമർശനത്തിലെ ഒരു വരിമാത്രം അടർത്തിയെടുത്തു നൽകിയ പരാതിയിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന 'നികുതി ഭീകരത' (Tax Terrorism) ആണ് ഖർഗെ ഉദ്ദേശിച്ചതെന്നും മറുപടിയിൽ വിവരിച്ചിട്ടുണ്ട്. പരാതിക്ക് മറുപടി നൽകാൻ ഖർഗെക്ക് കമ്മീഷൻ അനുവദിച്ചത് 24 മണിക്കൂർ മാത്രമാണെന്നും നോട്ടീസ് നൽകിയത് തിടുക്കത്തിലാണെന്നും കോൺഗ്രസ് വിമർശിച്ചു. സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. വ്യക്തമായ മറുപടി സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യമാണ്. ബി ജെപി നേതാക്കളുടെ ചട്ടലംഘനങ്ങൾ കമ്മീഷൻ കണ്ടില്ലെന്നു നടിച്ചെന്നും കോൺഗ്രസ് വിമർശിച്ചു. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കവെ ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇതിൽ പരാതി നൽകിയിട്ടും ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും കോൺഗ്രസ് ചൂണ്ടികാട്ടി. ആഭ്യന്തരമന്ത്രി അമിത് ഷാ ആനുകൂല്യം പ്രഖ്യാപിച്ച് ചട്ടലംഘനം നടത്തിയില്ലേ എന്നും ചോദ്യമുണ്ട്. ഖർഗെക്കെതിരെ നടപടിയെടുക്കുമെന്ന കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഭീഷണിയെ ശക്തമായ എതിർക്കുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി.
