കണ്ണൂ‍ർ: ദേശീയ പാത വികസനത്തിന്റെ ഭാഗമായ കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണം തടയുമെന്ന് വയൽക്കിളികൾ. ബൈപ്പാസിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കീഴാറ്റൂർ പാടത്ത് വയൽക്കിളികൾ കത്തിച്ചു. 

ബൈപ്പാസ് നിർമ്മാണത്തിനെതിരായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത് അതിൻ്റെ സൂചനയാണെന്നും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. കർഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സി പി എം സ്വീകരിക്കുന്നതെന്നും സുരേഷ് കീഴാറ്റൂർ ആരോപിച്ചു. 

എന്നാൽ വയൽക്കിളികളെന്ന പേരിൽ നടക്കുന്നവ‍ർ സാമൂഹിക വിരുദ്ധരാണെന്നും ഇവരെ രാഷ്ട്രീയമായി ചെറുക്കുമെന്നും സിപിഎം വ്യക്തമാക്കി. പരിസ്ഥിതി വാദികളെന്ന് സ്വയം പ്രഖ്യാപിച്ച വയൽക്കിളികൾ സ്ഥലം ഏറ്റെടുക്കുമ്പോൾ കിട്ടുന്ന നഷ്ടപരിഹാരത്തുക വേണ്ടെന്നു  വയ്ക്കാൻ തയ്യാറുണ്ടോ എന്ന് സിപിഎം നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ജെയിംസ് മാത്യു ചോദിച്ചു