ആന്തൂര്‍ വിഷയത്തില്‍ എം കെ ഗോവിന്ദനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജെയിംസ് മാത്യു എംഎല്‍എ.

തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജെയിംസ് മാത്യു എംഎല്‍എ. ആന്തൂര്‍ വിഷയത്തില്‍ എം കെ ഗോവിന്ദനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജെയിംസ് മാത്യു എംഎല്‍എ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സിപിഎം സംസ്ഥാന സമിതിയില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചെന്ന നിലയിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള യാതൊരു പരാമര്‍ശവും സമിതിയില്‍ ഉണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ജെയിംസ് മാത്യു വ്യക്തമാക്കി.

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിപിഎമ്മിനകത്ത് ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കുന്നതിന് ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി ജെയിംസ് മാത്യു ആരോപിച്ചു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പൊതുസമൂഹത്തിനിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍ തിരുത്തണമെന്നും ജെയിംസ് മാത്യു പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.