മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ സഹോദരി ഇൽസ സ്‌ക്രോമനെ. വിവിധ ആവശ്യങ്ങളുമായാണ് ഇൽസ സ്‌ക്രോമനെ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: 2018ൽ കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ സഹോദരി ഇൽസ സ്‌ക്രോമനെ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ ഇൽസ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു. കാണാതാകുന്ന മനുഷ്യരുടെ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പൊലീസ് സെൽ രൂപീകരിക്കണമെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്നുമാണ് ഇൽസ ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്‍റെ സഹോദരിക്കുള്ള ഏറ്റവും വലിയ ആദരമായിരിക്കും അതെന്ന് അവർ പറഞ്ഞു. ഇക്കാര്യം സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കൂടാതെ കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ ഓർമ്മയ്ക്കായി സംസ്ഥാന സർക്കാർ കോവളത്ത് ഒരു ഹരിത കോർണർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇൽസയ്ക്കും കുടുംബത്തിനും നമ്മുടെ നാട്ടിൽ വെച്ചുണ്ടായ നഷ്ടം ഒരിക്കലും നികത്താനാകില്ലെന്നും എക്കാലത്തും അവർ നമുക്ക് അത്രമേൽ പ്രിയപ്പെട്ടവരായിരിക്കുമെന്നും അവരെ നമ്മൾ സ്‌നേഹത്തോടെയും ആദരവോടെയും ചേർത്തുപിടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ഇൽസ തന്നെ വന്ന് കണ്ടിരുന്നുവെന്നും അന്ന് ആ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിച്ചു.

ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. ഒരു മാസത്തിനുശേഷം, വാഴമുട്ടത്തുനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുത്ത വിഷാദരോഗത്തിന് ചികിത്സ തേടിയാണ് 33കാരി സഹോദരി ഇൽസെയ്ക്കൊപ്പം പോത്തൻകോട്ടെ ആയുർവേദ കേന്ദ്രത്തിൽ എത്തിയത്. അവിടെനിന്നും കാണാതായ യുവതിയെ പിന്നീട് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കോവളം ബീച്ചിൽനിന്ന് യുവതിയെ തന്ത്രപൂർവം പ്രതികൾ ആളൊഴിഞ്ഞ കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പ് പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും കഞ്ചാവ് നൽകി അബോധാവസ്ഥയിലാക്കി ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് കണ്ടെത്തി. പിന്നീട് പ്രതിരോധിക്കാൻ ശ്രമിച്ച യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം വള്ളിപ്പടർപ്പുകളിൽ കെട്ടിത്തൂക്കുകയായിരുന്നു. പ്രതികൾക്ക് 2022ൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചു.