കൊച്ചി: ജനാധിപത്യ കേരള കോൺഗ്രസ് പാര്‍ട്ടി പിരിച്ചുവിട്ടതായി ഫ്രാൻസിസ് ജോര്‍ജ്ജ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി പാര്‍ട്ടി ലയിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി പിരിച്ച് വിട്ടതറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങൾ ലംഘിച്ചാണ് പാര്‍ട്ടി യോഗം ചേര്‍ന്നത്. വിവിധ ജില്ലകളിൽ നിന്നെത്തിയ 300 ഓളം പേര്‍ പങ്കെടുത്ത യോഗം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലായിരുന്നു സംഘടിപ്പിച്ചത്.

എന്നാൽ വളരെ വേഗം യോഗം അവസാനിപ്പിച്ചു. കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം പെട്ടെന്ന് അവസാനിപ്പിച്ചത്. പ്രവർത്തകർ എത്രയും പെട്ടെന്ന് പിരിഞ്ഞ് പോകണമെന്നും നേതാക്കൾ നിര്‍ദ്ദേശം നല്‍കി.