തിരുവനന്തപുരം: തന്റെ നേതൃത്വത്തിലുള്ള സംഘം ജപ്പാനിലും കൊറിയയിലും നടത്തിയ സന്ദര്‍ശനം വൻ വിജയമായിരുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാൻ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

"സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്‍റെ തെളിവാണിത് . നീറ്റ ജലാറ്റിൻ കന്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും. ടൊയോട്ട കമ്പനിയുമായും കരാറിൽ എത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേരളത്തിന്റെ വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് വിവിധ മേഖലകളിലെ വികസനത്തിന് സന്ദർശനം ഗുണം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ സന്ദർശനം നടത്തിയപ്പോഴൊക്കെ അത് ഗുണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമർശനങ്ങൾക്ക് ഇപ്പോൾ മറുപടി പറയാനില്ലെന്ന് പറഞ്ഞ അദ്ദേഹം വിദേശ സന്ദര്‍ശനം നടത്തിയത് കേരളത്തിലെ യുവജനങ്ങളെ മുന്നിൽ കണ്ടാണെന്നും വിശദീകരിച്ചു. ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഹെലികോപ്റ്റർ ധാരണയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ഇതിനിടെ ഏറെ വിവാദമായ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. പവൻ ഹൻസുമായി ഉണ്ടാക്കിയ ധാരണയിൽ തെറ്റില്ല. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ സ്വകാര്യ കമ്പനികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചിട്ടില്ല. കേരളത്തിന്‍റെ സാഹചര്യത്തിൽ ഹെലികോപ്റ്റർ വേണോയെന്ന ചോദ്യം ആപേക്ഷികം മാത്രമാണ്. നിലവിൽ പൊലീസിന്‍റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. ഇത് പ്രകൃതിദുരന്തങ്ങൾ പോലുള്ള അത്യാപത്തുകൾക്ക് ഉപയോഗിക്കുമെന്നത് ഉറപ്പാണ്. അത്തരം അടിയന്തരസാഹചര്യങ്ങൾ വന്ന് കഴിഞ്ഞാൽ ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. ഇത് കഴിഞ്ഞ പ്രളയകാലത്തും, കനത്ത മഴ പെയ്ത സമയത്തും വ്യക്തമായതാണ് - മുഖ്യമന്ത്രി പറഞ്ഞു.