ഊഹാപോഹങ്ങൾക്ക് ഏതാനും മണിക്കൂറിനുള്ളിൽ അന്ത്യമാകുമെന്നും ശുഭവാർത്തയാകട്ടെ എന്നുമാണ് ജാസ്മിൻ ഷാ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്

കൊല്ലം: കൊല്ലത്തെ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് 3 പ്രതികൾ പിടിയിലായതിന് പിന്നാലെ പ്രതികരണവുമായി യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ രംഗത്ത്. ഊഹാപോഹങ്ങൾക്ക് ഏതാനും മണിക്കൂറിനുള്ളിൽ അന്ത്യമാകുമെന്നും ശുഭവാർത്തയാകട്ടെ എന്നുമാണ് ജാസ്മിൻ ഷാ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് നെഴ്സസുമാരുടെ സംഘടനയായ യു എൻ എക്കെതിരെയടക്കം ആരോപണം ഉയർന്നിരുന്നു. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛൻ യു എൻ എയുടെ നേതാവാണ്. അങ്ങനെയാണ് യു എൻ എയുമായി ബന്ധപ്പെട്ട തർക്കങ്ങളിലേക്കും ആരോപണം ഉയർന്നത്. എന്നാൽ ആദ്യം മുതലെ ജാസ്മിൻ ഷായടക്കമുള്ളവർ ഈ പ്രചരണത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രതികൾ ഒരു കുടുംബത്തിലുള്ളവർ; കാരണം വ്യക്തമാക്കി പൊലീസ്

ജാസ്മിൻ ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചത് ഇങ്ങനെ

വ്യാജവാർത്തകൾ പടച്ചു വിടുന്നവരെ....
ഞങ്ങളുടെ പ്രിയ സഹപ്രവർത്തകനെ കുറിച്ച് നട്ടാൽ കുരുക്കാത്ത വാർത്തകൾ പടച്ചു വിടുന്ന ഓൺലൈൻ പത്രക്കാരെ ,നിങ്ങൾക്ക് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്ത് സുഖമാണ് ലഭിക്കുന്നത്?
കുട്ടിയെ കാണാതായത് മുതലുള്ള 20 മണിക്കൂർ മാതാപിതാക്കൾ അനുഭവിച്ച വേദന മനസ്സിലാകണമെങ്കിൽ അത്തരമൊരു സംഭവം നിങ്ങളുടെ വീട്ടിലുണ്ടാകണം.
വ്യാജവാർത്തകൾ പടച്ചു വിടുന്ന ഇത്തരം പിതൃശൂന്യ പോർട്ടലുകൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിനെയും, കോടതിയെയും സമീപിക്കും.
ദയവായി ആ കുടുംബത്തിന്‍റെ പ്രൈവസി മാനിക്കൂ...
ജാസ്മിൻഷ
യു എൻ എ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയുടെ വിവരങ്ങൾ അടക്കം പുറത്തുവന്നതിന് പിന്നാലെ ദുരുഹതയും വർധിക്കുന്നു. പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്. ഇതിന് കാരണമായി പറയുന്നതാകട്ടെ തന്‍റെ മകൾക്ക് വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റി വാങ്ങി നൽകാൻ ഒ ഇ ടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ വാഗ്ദാനം നൽകിയെന്നതാണ്. എന്നാൽ മകൾ പഠിച്ചത് കമ്പ്യൂട്ടർ സയൻസാണെന്നും പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നു. കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക് എങ്ങനെയാണ് വിദേശത്ത് നഴ്സിംഗ് പഠിക്കാനാകുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതുകൊണ്ടുതന്നെ പത്മകുമാറിന്‍റെ മൊഴി കെട്ടുകഥയാണെന്ന സംശയവും ബലപ്പെടുകയാണ്. കേസിലെ ദുരൂഹതകളും വർധിക്കുകയാണ്.