സ്പിരിറ്റ് മോഷണത്തിന് പിന്നാലെ ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ പ്രൊഡക്ഷന്‍ മാനേജരടക്കം ഒളിവില്‍ പോയതോടെയാണ് മദ്യനിര്‍മാണം നിലച്ചത്. 

പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേർസ് ആൻ്റ് കെമിക്കൽസിൽ ജവാൻ നിർമ്മാണം പുനരാംഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെയും ലീഗൽ മെട്രോളജി വിഭാഗത്തിൻ്റെയും പരിശോധന പൂർത്തിയായതിനെ തുടർന്നാണ് നിർമ്മാണം ആരംഭിച്ചത്. മുൻപ് ഉണ്ടായിരുന്ന മിശ്രിതത്തിൽ നിന്നാണ് ഉത്പാദനം.108000 ലിറ്റർ മദ്യം ഇന്നും നാളെയും ഉത്പാദിപ്പിക്കും.

സ്പിരിറ്റ് മോഷണത്തിന് പിന്നാലെ ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ പ്രൊഡക്ഷന്‍ മാനേജരടക്കം ഒളിവില്‍ പോയതോടെയാണ് മദ്യനിര്‍മാണം നിലച്ചത്. സ്പിരിറ്റ് കടത്തിൽ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ജനറൽ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജർ മേഘാ മുരളി എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ഒളിവിൽ പോയ സാഹചര്യത്തിൽ സ്ഥാപനത്തിലെ ഡെപ്യൂട്ടി പ്രൊഡക്ഷൻ മാനേജർ സ്ഥാനത്ത് നിന്ന് വിരമിച്ച ജോർജ് ഫിലിപ്പിനാണ് മദ്യ ഉത്പാദനത്തിൻ്റെ താത്കാലിക ചുമതല. 

കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജവാൻ റം ആണ് ഉത്പാദിപ്പിക്കുന്നത്. പത്ത് സ്ഥിരം ജീവനക്കാർ, 28 താത്കാലിക ജീവനക്കാർ, 117 കരാർ ജീവനക്കാർ എന്നിവരാണ് സഥാപനത്തിലുള്ളത്. കഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കർ ലോറികളിൽ നിന്നാണ് പ്രതികൾ സ്പിരിറ്റ് കടത്തിയത്. നാൽപ്പതിനായിരം ലിറ്റർ വീതമുള്ള രണ്ട് ടാങ്കറുകളും ലോ‍ഡ് ഉൾപ്പടെ പൊലീസ് കസ്റ്റഡിയിലാണ്. ഇതോടെ സ്പിരിറ്റിനും ക്ഷാമം ആയി. തുടർന്നാണ് ഉത്പാദനം നിർത്താൻ കെഎസ്ബിസി നിർദേശം നൽകിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona