Asianet News MalayalamAsianet News Malayalam

ജയസൂര്യക്കെതിരായ കേസ്; സംവിധായകന്‍ ബാലചന്ദ്ര മേനോന്‍റെ മൊഴിയെടുക്കും, പൊതുഭരണ വകുപ്പിനും കത്ത്

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ സിനിമയുടെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക.

Jayasurya sexual abuse Case police will be take Director Balachandra Menon s statement
Author
First Published Aug 29, 2024, 3:34 PM IST | Last Updated Aug 29, 2024, 5:59 PM IST

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ കേസിൽ സിനിമയുടെ സംവിധായകൻ ബാലചന്ദ്ര മേനോൻ്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ സിനിമയുടെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടന്നുവെന്നാണ് കേസ്. അതേസമയം, ഷൂട്ടിംഗിനായി വാടകയ്ക്ക് കൊടുത്തതിൻ്റെ വിശദാശങ്ങൾ തേടി സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിന് പൊലീസ് കത്ത് നൽകി. 

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്.

ആരോപണങ്ങൾ വർഷങ്ങൾക്ക് മുന്നെ നടന്നിട്ടുളളതും ഗൗരവമേറിയതുമായതിനാൽ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നടിയുടെ പക്കലുള്ള തെളിവുകളും അന്വേഷണത്തിൽ നിർണായകമാകും.

Latest Videos
Follow Us:
Download App:
  • android
  • ios