പ്രതിസന്ധിയിൽ ജെഡിഎസ് കേരളാ ഘടകം, കടുത്ത തീരുമാനങ്ങളുണ്ടാകും; ലയന സാധ്യതയും തേടുന്നു
ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ മുന്നണി മാറ്റം കേരളത്തിൽ ഇടതുമുന്നണിയുടെ താത്പര്യത്തിനും വിരുദ്ധമായതാണ്

ദില്ലി: മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദൾ സെക്യുലർ പാർട്ടി എൻഡിഎയിൽ ചേർന്നതിന് പിന്നാലെ പ്രതിസന്ധിയിലായി കേരളാ ജെഡിഎസ് ഘടകം. പാർട്ടി ദേശീയ നേതൃത്വത്തിനൊപ്പമല്ലെന്ന് സംസ്ഥാന അധ്യക്ഷൻ നിലപാടെടുത്തെങ്കിലും മുന്നണി മാറ്റം സംസ്ഥാനത്തെ ഇടത് സഖ്യത്തിൽ തുടരുന്നതിൽ പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ അടുത്ത മാസം ഏഴിന് പാർട്ടി സംസ്ഥാന സമിതി യോഗം ചേർന്ന് തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കും.
നിലവിൽ കേരളാ നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് ജെഡിഎസിനുള്ളത്. തിരുവല്ലയിൽ നിന്ന് മാത്യു ടി തോമസും പാലക്കാട് ചിറ്റൂരിൽ നിന്ന് കെ കൃഷ്ണൻകുട്ടിയും. ചിറ്റൂരിൽ നിന്ന് ജയിച്ച കെ കൃഷ്ണൻകുട്ടി രണ്ടാം പിണറായി വിജയൻ സർക്കാരിൽ വൈദ്യുത വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. പാർട്ടിക്ക് ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും നിലവിലുണ്ട്.
'മോദിയുടെ കാഴ്ചപ്പാടുകൾക്ക് കരുത്താകും': ജനതാദൾ (എസ്) എൻഡിഎയിൽ ചേർന്നു
എന്നാൽ പാർട്ടി ദേശീയ നേതൃത്വത്തിന്റെ മുന്നണി മാറ്റം കേരളത്തിൽ ഇടതുമുന്നണിയുടെ താത്പര്യത്തിനും വിരുദ്ധമായതാണ്. അതിനാൽ തന്നെ കേരളത്തിൽ മുന്നണിയിൽ തുടരണമെങ്കിൽ ജെഡിഎസ് നേതൃത്വത്തിന് ദേശീയ നേതൃത്വത്തോട് വിയോജിക്കാതെ തരമില്ല. ഇതിനുള്ള പോംവഴികൾ പാർട്ടി തേടുന്നുണ്ട്. ബിഹാറിലെ പ്രമുഖ കക്ഷിയായ ആർജെഡിയിൽ ലയിക്കാനുള്ള ആലോചനകളാണ് നിലവിൽ പാർട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.
അതേസമയം പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ, ശക്തമായ ഇന്ത്യ കാഴ്ചപ്പാടിന് കരുത്താകുമെന്ന് പ്രഖ്യാപിച്ചാണ് ജെഡിഎസ് നേതൃത്വം തങ്ങൾ എൻഡിഎയിൽ ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇന്ന് ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നടത്തിയ ശേഷമായിരുന്നു എച്ച്ഡി കുമാരസ്വാമി പാർട്ടി എൻഡിഎയിൽ ചേർന്നതായി പ്രഖ്യാപിച്ചത്.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്