ബെഗംളൂരു/തിരുവനന്തപുരം: ജനതാദൾ എസ് കേരളഘടകം പിരിച്ചു വിട്ടു. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. സി.കെ.നാണു അധ്യക്ഷനായ ജെഡിഎസ് ഘടകമാണ് പിരിച്ചു വിട്ടിരിക്കുന്നത്. പകരം മാത്യു ടി തോമസ് അധ്യക്ഷനായി താത്കാലിക അഡ്ഹോക്ക് കമ്മിറ്റിക്ക് പാ‍ർട്ടിയുടെ നടത്തിപ്പ് ചുമതല നൽകിയിട്ടുണ്ട്

പാ‍ർട്ടിചട്ടങ്ങൾ ലംഘിച്ചതിനെ തുട‍ർന്നാണ് സി.കെ.നാണു അധ്യക്ഷനായ സംസ്ഥാന ഘടകം പിരിച്ചു വിട്ടതെന്ന് ദേവ​ഗൗഡ അറിയിച്ചു. നാണുവിനെതിരെ മാത്യു ടി തോമസ് വിഭാഗം നൽകിയ പരാതിയെ തുടർന്നാണ് ദേശീയ അധ്യക്ഷൻ ദേവഗൗഡ തീരുമാനമെടുത്തത് എന്നാണ് വിവരം.

സംസ്ഥാന-ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുന്നതിലടക്കം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന പരാതിയാണ് സികെ നാണുവിനെതിരെ മറുപക്ഷം നൽകിയത്. സംസ്ഥാന പ്രസിഡണ്ടിനെതിരായ നീക്കത്തിൻറെ ഭാഗമായി 15ന് മാത്യു ടി പക്ഷം സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്തിരുന്നു. അതിനിടെയാണ് കേന്ദ്ര ഇടപെടൽ.