കാസർകോട്: ജ്വല്ലറി നിക്ഷേപതട്ടിപ്പിൽ കുരുങ്ങിയ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ കൂടുതൽ പരാതികൾ. കമറുദ്ദീൻ 2007-ൽ ഗുണ്ടകളുമായി എത്തി 25 കിലോ സ്വര്‍ണം കവര്‍ന്നെന്ന ആരോപണവുമായി തലശ്ശേരി മര്‍ജാൻ ജ്വല്ലറി ഉടമ കെകെ ഹനീഫ രംഗത്തെത്തി. അന്ന് മൂന്നര കോടി രൂപ വില വരുന്ന സ്വർണ്ണമാണ് എംഎൽഎയുടെ തേതൃത്വത്തിൽ കവർന്നതെന്നും നഷ്ടപ്പെട്ട സ്വർണ്ണത്തിന് ഇന്നത്തെ നിരക്ക് അനുസരിച്ച് പന്ത്രണ്ടര കോടിയോളം വില വരുമെന്നും ഹനീഫ വ്യക്തമാക്കി. 

കമറുദ്ദീനെതിരെ തലശ്ശേരി, കൊയിലാണ്ടി കോടതികളിൽ കേസുണ്ട്. പൊലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാൻ കമറുദ്ദീൻ ശ്രമിച്ചിരുന്നുവെന്നും ഹനീഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ കൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം കാസര്‍കോട്ടെ ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീൻ എംഎല്‍എക്കെതിരെ മുസ്ലീം ലീഗ് അച്ചടക്ക നടപടിയെടുത്തു. യുഡിഎഫ് ജില്ലാ ചെയര്‍മാൻ സ്ഥാനത്തു നിന്നും കമറുദ്ദീനെ ലീഗ് നേതൃത്വം  നീക്കി. ഏറെ പരാതികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ലീഗ് നേതൃത്വം നിര്‍ബന്ധിതമായത്. കാസര്‍കോട്ടെ ജില്ലാ നേതാക്കളെ  പാണക്കാട്ടേക്ക് വിളിച്ചു വരുത്തിയാണ് കമറുദ്ദീന് എതിരെ മുസ്ലീം ലീഗ് നടപടി പ്രഖ്യാപിച്ചത്. 

 ജ്വല്ലറി തട്ടിപ്പ് പാര്‍ട്ടിയുമായി ബന്ധമുള്ളതല്ലെന്നും വ്യക്തിപരമായ കാര്യമാണെന്നുമുള്ള കമറുദ്ദീന്‍റെ വാദം പൂര്‍ണമായും തള്ളാതെയാണ് അദ്ദേഹത്തിനെതിരെ ലീഗ് നടപടിയെടുത്തത്. കമറുദ്ദീനെതിരെയുള്ള പരാതികള്‍ കൂടിവരുകയും പരാതിക്കാര്‍ ഭൂരിഭാഗവും മുസ്ലീം ലീഗന്‍റെ അനുഭാവികളാവുകയും ചെയ്തതോടെയാണ് നടപടിയിലേക്ക് നേതൃത്വം എത്തിയത്.