കാസ‌ർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരെ കൂടുതൽ പരാതികൾ. നാല് പേരുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. ഇരിണാവ് സ്വദേശി നൗഷാദ്, മാട്ടൂൽ സ്വദേശികളായ നൂർജഹാൻ, ആയിഷ, പഴയങ്ങാടി സ്വദേശിയായ ബാലകൃഷ്ണൻ എന്നിവരാണ് പരാതി നൽകിയത്. ഇതിലൊരു കേസ് ജ്വല്ലറി എംഡി പൂക്കോയ തങ്ങൾക്കെതിരെയാണ്. ഇതോടെ ഖമറുദീനെതിരെയുള്ള കേസുകളുടെ എണ്ണം 44 ആയി

നൗഷാദിൽ നിന്ന് 20 പവനും, നൂർജഹാനിൽ നിന്നും 21 പവനും, ആയിഷയിൽ നിന്ന് 20.5 പവനും, ബാലകൃഷ്ണനിൽ നിന്ന് 40 ലക്ഷവും തട്ടിച്ചെന്നാണ് പരാതി. 

ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എം എൽ എ ക്കെതിരെ  ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത 12 കേസുകളിലെ എഫ്ഐആർ ഹൊസ്ദുർഗ് കോടതിയിലും ഒരു കേസിലെ എഫ് ഐ ആർ കാസർകോട് കോടതിയിലും ഇന്ന് സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ കേസുകൾ. 

ചന്ദേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 21 വഞ്ചന കേസുകളുടേയും കാസർകോട് സ്റ്റേഷനിലെ 5 വഞ്ചന കേസുകളുടേയും ഫയലുകൾ ആവശ്യപ്പെട്ടെന്നും കിട്ടുന്ന മുറക്ക് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്നും ക്രൈംബ്രാഞ്ച് എസ് പി കെ.കെ.മൊയ്തീൻ കുട്ടി പറഞ്ഞു. കൂടുതൽ തെളിവുകൾ കിട്ടിയ ശേഷം എം എൽ എ യുടെ മൊഴിയെടുത്താൽ മതി എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.