അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ വ്യക്തിഹത്യയും വധഭീഷണിയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണെന്നും വധഭീഷണി നടത്തുന്നവരെ കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

മലപ്പുറം : സമസ്ത (Samastha)പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ (Jifri Muthukkoya Thangal) വധഭീഷണി അപലപനീയമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പരസ്പരം സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഭീഷണിക്ക് കൂട്ടുനില്‍ക്കില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ വ്യക്തിഹത്യയും വധഭീഷണിയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണെന്നും വധഭീഷണി നടത്തുന്നവരെ കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

തനിക്ക് വധഭീഷണിയുണ്ടായ വിവരം മലപ്പുറത്ത് ഒരു പരിപാടിക്കിടെയാണ് ജിഫ്രി മുത്തു കോയ തങ്ങൾ വെളിപ്പെടുത്തിയത്. സിഎം മൗലവിയെപ്പോലെ അന്ത്യമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ജിഫ്രി തങ്ങൾ വെളിപ്പെടുത്തിയത്. 

അതിനിടെ, ജിഫ്രി മുത്തുകോയ തങ്ങളെ അധിഷേപിക്കുന്ന രീതിയിൽ ഫേസ് ബുക്ക് പോസ്റ്റിട്ട വയനാട് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനെ സ്ഥാനത്ത് നിന്നും നീക്കി. കൽപ്പറ്റയിൽ നടന്ന മുസ്ലിംലീഗ്‌ ജില്ലാ ഭാരവാഹിയോഗമാണ് യഹ്യാഖാനെ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനമെടുത്തത്. സമസ്ത അധ്യക്ഷന് വധ ഭീഷണിയെന്ന വാർത്തയുടെ ചുവടെയാണ് അധിക്ഷേപിക്കുന്ന രീതിയിൽ യഹ്യാഖാൻ കമന്റ് ചെയ്തത്. 'വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടി വിദ്യകള്‍, നാണക്കേട്' എന്നായിരുന്നു ലീഗ് വയനാട് ജില്ലാ സെക്രട്ടറിയുടെ കമന്റ്. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നു. ഇതോടെയാണ് മുസ്ലിം ലീഗ് ഇടപെട്ട് നടപടിയെടുത്തത്.