മതപരമായ പരമോന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അതിനെ ദുര്‍ബലപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ജിഫ്രി തങ്ങള്‍. 

ബംഗളൂരു: സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ലെങ്കിലും ആരും അതിന്റെ ശക്തി കുറച്ച് കാണരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സിഐസിയുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപന സമ്മേളനത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന. 

ബംഗളുരുവിലെ പാലസ് ഗ്രൗണ്ടില്‍ പതിനായിരക്കണക്കിന് അണികള്‍ക്ക് മുന്നിലാണ് സമസ്തയെന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരും നോക്കേണ്ടതില്ലെന്ന പ്രഖ്യാപനം ജിഫ്രി തങ്ങള്‍ നടത്തിയത്. മതപരമായ പരമോന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അതിന് പണ്ഡിതര്‍ പകര്‍ന്ന് നല്‍കിയ മൂല്യങ്ങളുടെ അടിസ്ഥാനമുണ്ട്. അതിനെ ദുര്‍ബലപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. 

അതേസമയം, സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ വാഫി - വഫിയ്യ കോഴ്‌സുകള്‍ക്ക് സമാന്തരമായുള്ള ബിരുദങ്ങളുടെ പേരും ജിഫ്രി തങ്ങള്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ആണ്‍കുട്ടികള്‍ക്ക് അസനാഇ എന്ന ബിരുദവും പെണ്‍കുട്ടികള്‍ക്ക് അസനാഇഅ എന്ന ബിരുദവും നല്‍കും. എസ്എന്‍ഇസിയുടെ നേതൃത്വത്തില്‍ തുടങ്ങിയ കോഴ്‌സുകളിലെ ബിരുദങ്ങളുടെ പേരാണ് പ്രഖ്യാപിച്ചത്. ഇന്ന് ബംഗളുരുവില്‍ ചേര്‍ന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് തങ്ങള്‍ അറിയിച്ചു.

നിലവില്‍ സിഐസിയുടെ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ്. സമസ്ത നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും. 2026 ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനം നടത്താനും തീരുമാനമായിട്ടുണ്ട്.

ശക്തി കേന്ദ്രങ്ങളിൽ പോലും ഒറ്റക്ക് ജയിക്കാനാവാത്ത സ്ഥിതി, കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ എതിർപ്പില്ല;സിപിഎം

YouTube video player