ദില്ലി: സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള  സാധ്യത  കൂടുതലാണെന്ന് ജവഹ‍ർലാൽ നെഹ്റു സർവകലാശാലയുടെ പഠനറിപ്പോര്‍ട്ട്.  മലയോരമേഖലകളില്‍ മാത്രമല്ല ഇടനാട്ടിലും തീരപ്രദേശങ്ങളിലും ഒരുപോലെ ദുരന്തസാധ്യതയുണ്ടെന്ന്  സർവകലാശാല ദുരന്തഗവേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.  ഭൂവിനിയോഗത്തിൽ കാതലായ മാറ്റം  വരുത്തേണ്ടേതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

പശ്ചിമഘട്ടം പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മണ്ണിന്റെ പ്രതലം താഴെക്ക് താണുപോകുന്ന പ്രതിഭാസമുണ്ട്. തീരദേശത്ത് നടത്തുന്ന നിര്‍മ്മാണ പ്രവ‍ർത്തനങ്ങൾ പോലും പശ്ചിമഘട്ടത്തിലെ പാറകളെ ബാധിക്കുന്നുണ്ട്. 
ഒഴുക്കിനെ തടഞ്ഞുനിർത്തുന്ന പ്രവർത്തനങ്ങൾ ഭൂമിലേക്കുള്ള ജലത്തിന്റെ മർദ്ദം കൂട്ടുന്നുണ്ട്,ഇത് മണ്ണിടിച്ചിലിനു കാരണമാകുന്നുണ്ടെന്നും ജവഹ‍ർലാൽ നെഹ്റു സർവകലാശാലയിലെ ദുരന്തഗവേഷണവിഭാഗം മേധാവി അമിതാ സിങ്ങ് പറഞ്ഞു. 
 
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തെ അധികരിച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തഗവേഷണ വിഭാഗം ഈ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. മണ്ണൊലിപ്പ്, ക്വാറികളുടെ പ്രവര്‍ത്തനം, ഭൂമിക്കനുയോജ്യമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് തിരിച്ചടിയാകുന്നത്. പശ്ചിമഘട്ടത്തില്‍ പോലും പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്താതെയാണ്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  നടക്കുന്നത്.  തീരങ്ങളിലെ കയ്യേറ്റം നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നു. വെള്ളം കെട്ടിനില്‍ക്കുന്നത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതവും ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമിയുടെ സ്വഭാവത്തിനനുസരിച്ചാവണം നിര്മ്മാണ പ്രവര്‍ത്തനങ്ങള്‍. ജാഗ്രതാ നിര്‍ദ്ദേശം സമയബന്ധിതമായി നല്‍കുന്ന സംവിധാനം വേണം, ഭൂനിയമങ്ങള്‍ കര്‍ക്കശമാക്കണം തുടങ്ങിയ ശുപാര്‍ശകളോടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്ത് വീണ്ടും പ്രളയമുണ്ടായ സാഹചര്യത്തെ കുറിച്ച് ഗവേഷണ വിഭാഗം വീണ്ടും പഠനം തുടങ്ങിയിട്ടുണ്ട്.