കൊച്ചി: കേന്ദ്രമന്ത്രിമാരുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള തൊഴിൽ തട്ടിപ്പിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തട്ടിപ്പിനിരയാവരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തട്ടിപ്പ് വാർത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി. കേന്ദ്രസഹമന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസവും, ക്യാബിനറ്റ് മന്ത്രിയുടെ ലെറ്റർ പാഡുകളും ഉപയോഗിച്ചാണ് മലയാളിയുടെ വൻ തൊഴിൽ തട്ടിപ്പ്.

പത്ത് മലയാളികളിൽ നിന്നായി ബാലരാമപുരം സ്വദേശി രാജീവ് അശോക് 20 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. രാജീവ് അശോക് ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക മെയിലും, കേന്ദ്രമന്ത്രിമാരുടെ ലെറ്റർപാഡും ഉപയോഗിച്ച് നടത്തിയ തട്ടിപ്പിനെതിരെ പ്രധാനമന്ത്രിക്കടക്കം പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. 

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ മെയ് മാസത്തിൽ, എറണാകുളം സ്വദേശി അഭിലാഷിനോട്, രാജീവ് അശോക് മന്ത്രി ഓഫീസില്‍ ജോലിയുണ്ടെന്ന് പറയുന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. പിന്നാലെ വേറെ മന്ത്രിമാരുടെയും ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ പേരെ കൂടെക്കൂട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും എൻഡിഎ സഖ്യകക്ഷിയുമായ കേന്ദ്രമന്ത്രി രാംദാസ് അത്താവ്‍ലെയുടെ പിആർഓ എന്ന് പരിചയപ്പെടുത്തിയാണ് രാജീവ് അശോക് തട്ടിപ്പ് നടത്തിയത്. മൂന്നുപേര്‍ക്ക് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി രത്തന്‍ ലാല്‍ കട്ടാരിയയുടെ ഓഫീസില്‍ നിന്ന് നിരന്തരം മെയിലുകളെത്തി. ജോലിക്കാര്യവും ഗേറ്റ് പാസ്സ് അനുവദിച്ചതും എല്ലാം mos.socialjustice@gmail.com എന്ന ഇ-മെയിലിൽ നിന്നാണ്. മന്ത്രി കടാരിയയുടെ ഔദ്യോഗിക മെയിൽ തന്നെയാണിതെന്ന് ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തി. 

Also Read: കേന്ദ്രമന്ത്രിയുടെ മെയിൽ ഐഡിയിൽ നിന്ന് നിയമനക്കത്ത്, തട്ടിപ്പിൽ 10 പേർക്ക് പോയത് 20 ലക്ഷം രൂപ