ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു ഇന്‍സ്റ്റ താരം കാര്‍ത്തിക പ്രദീപിന്‍റെ തട്ടിപ്പ്. ‌

കൊച്ചി: തൊഴില്‍ തട്ടിപ്പിലൂടെ സമാഹരിച്ച പണം ആര്‍ഭാട ജീവിതത്തിനു വേണ്ടിയാണ് ഇൻസ്റ്റ താരം കാര്‍ത്തിക പ്രദീപ് ചെലവിട്ടതെന്നാണ് പൊലീസ് അനുമാനം. ഇവർ താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം 45000 രൂപയായിരുന്നു വാടക. മോ‍ഡലിം​ഗിന് വേണ്ടിയും കാർത്തിക വൻതുക ചെലവഴിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു ഇന്‍സ്റ്റ താരം കാര്‍ത്തിക പ്രദീപിന്‍റെ തട്ടിപ്പ്. ‌

പത്തനംതിട്ട സ്വദേശിനിയായ കാർത്തിക താമസിച്ചിരുന്നത് തൃശൂരിലായിരുന്നു. കേസിൽ പ്രവാസി യുവാവിനെയും പ്രതിയാക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ സ്ഥാപനത്തിന്‍റെ പാര്‍ട്നര്‍ ആയിരുന്നു യുവാവ്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യത്തുളള യുവാവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയാക്കാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസമാണ് തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി സിഇഒ കാർത്തിക പ്രദീപിനെ കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ട സ്വദേശിനിയായ കാർത്തിക വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു തൃശൂർ സ്വദേശിനിയുടെ പരാതി. മൂന്ന് ലക്ഷം രൂപ മുതൽ എട്ട് ലക്ഷം വരെയാണ് ജോലി വാഗ്ദാനം ചെയ്ത് കാർത്തിക ഉദ്യാഗാർത്ഥികളിൽ നിന്നും കൈക്കലാക്കിയത്. പരാതിക്കാരിയായ തൃശൂർ സ്വദേശിനിയിൽ നിന്നും ഓൺലൈനായും അല്ലാതെയുമായാണ് 5.23 ലക്ഷം രൂപ കൈക്കലാക്കിയതെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും കാർത്തികയുടെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി എന്ന സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് കാർത്തിക നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ഉക്രൈനില്‍ നിന്ന് കാര്‍ത്തിക നേടിയ എംബിബിഎസ് ബിരുദത്തിന്‍റെ ആധികാരികത സ്ഥിരീകരിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ പരിശീലനം നടത്താനുളള ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ പക്കലുണ്ടെന്നും ഇത് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് കാര്‍ത്തിക പൊലീസിനോട് പറഞ്ഞത്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി കൂടുതല്‍ പരാതികള്‍ കാര്‍ത്തികയ്ക്കെതിരെ വന്നിട്ടുണ്ട്.

India Pakistan Military Understanding | Asianet News Live | Malayalam News Live | Live Breaking News