Asianet News MalayalamAsianet News Malayalam

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് തലസ്ഥാനത്ത് വീണ്ടും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

ആളുകളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന ഏജൻസികൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അംഗീകാരം ആവശ്യമാണെന്നും അല്ലാത്തത്, രാജ്യത്തിന്‍റെ ഇമൈഗ്രെഷൻ നിയമം പ്രകാരം കുറ്റമാണെന്നും ഇത്തരത്തിൽ ലൈസൻസ് ഉള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ ജനങ്ങൾക്ക് emigrate.gov.in എന്ന സർക്കാർ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും നോർക്ക റിക്രൂട്ട്മെന്‍റ് വിഭാഗം മനേജർ അജിത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

Job scandal in Canada promises jobs again Police ordered an investigation
Author
Thiruvananthapuram, First Published Sep 6, 2019, 4:17 PM IST


തിരുവനന്തപുരം: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതി, യുവാക്കളില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ തിരുവനന്തപുരത്ത് വീണ്ടും സജീവമാകുന്നു. കാനഡയിൽ പ്ലംബർ മുതൽ അക്കൗണ്ടന്‍റ് വരെയുള്ള ഒഴിവുകളുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനായി ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ആളൊന്നിന് 3.5 ലക്ഷം രൂപയും അതിന് മുകളിലുമാണ് വിസയ്ക്കായി വാങ്ങുന്നത്. തട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായും അന്വേഷണത്തിനായി പേരൂര്‍ക്കട സിഐയെ ചുമതലപ്പെടുത്തിയതായും സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണർ പ്രമോദ് കുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു

തിരുവനന്തപുരം മുട്ടട സാംസൺ & സൺസ് അപ്പാർട്മെന്‍റില്‍, ഇമൈഗ്രെഷൻ കൺസൾടെന്‍റ് സ്ഥാപനത്തിന്‍റെ മറവിലാണ്  തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതായി സൂചന. എന്നാല്‍, വിദേശ രാജ്യങ്ങളിൽ ആളുകളെ കയറ്റി അയക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാത്ത ഏജൻസികൾക്ക് കഴിയില്ലെന്ന് നേര്‍ക്ക അറിച്ചു. 

കാനഡയിലെ അൽബെർട്ടയിലെ അഗ്രോ ഫാമിലേക്ക് അടിയന്തിരമായി ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന രീതിയിലാണ് ഇവർ ഉദ്യോഗാർത്ഥികളെ സമീപിക്കുന്നത്. പ്ലംബർ മുതൽ അക്കൗണ്ടന്‍റ് വരെയുള്ള ഒഴിവുകൾ ഇവിടെ ഉണ്ടെന്നാണ് ഇവർ ഉദ്യോഗാർത്ഥികളോട് പറഞ്ഞിരിക്കുന്നത്. വിശ്വസ്തത പിടിച്ച് പറ്റാൻ കാനഡയിലെ സ്ഥാപനത്തിന്‍റെതായി www.albertaagrofarm.com എന്ന വെബ്‌സൈറ്റും സംഘം ഉദ്യോഗാർഥികൾക്ക് കാണിച്ച് കൊടുക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ ഈ സെറ്റ് പ്രവര്‍ത്തന രഹിതമാണ്.

പിന്നീട്, പുതുക്കാൻ കഴിയുന്ന 5 വർഷത്തെ തോഴില്‍ വിസയാണ് നല്‍കുന്നതെന്നാണ് ഇവർ ഉദ്യോഗാർത്ഥികളോട് പറയുന്നത്. എന്നാൽ ആൽബെർട്ടയിൽ ഇത്തരത്തിൽ ഒരു അഗ്രോ ഫാം ഇല്ലെന്നാണ്‌ ലഭിക്കുന്ന വിവരങ്ങൾ. ഇൻഡിഡ്, ഒ.എൽ.എക്‌സ് വഴിയാണ് ഇവർ ഇരയെ കണ്ടെത്തുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ളവരെയും ഇവർ ലക്ഷ്യം വെയ്ക്കുന്നതായും സൂചനയുണ്ട്.  ഇവരെ സമീപിക്കുന്നവരുടെ രേഖകളുടെ കോപ്പികൾ ആദ്യം വാങ്ങും. ശേഷം കാനഡയിലെ കമ്പനിക്ക് അയക്കുമെന്നും അവർ പരിശോധിച്ച ശേഷം സെലക്ട് ചെയ്യുമെങ്കിൽ ഓഫർ ലെറ്റർ നൽകുമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുന്നത്. 

അറുന്നൂറോളം ഒഴിവുകൾ ഉണ്ടെന്നാണ് ഇവർ ഉദ്യോഗാർത്ഥികളെ അറിയിച്ചിരിക്കുന്നത്. നിലവിൽ 8 പേർ ഇവരുടെ വലയിൽ കുടുങ്ങി കഴിഞ്ഞതായാണ് വിവരം. ഇതിൽ പൂജപ്പുര സ്വദേശിയായ യുവാവിന് കാനഡയിൽ നിന്ന് ലഭിച്ചതെന്ന് അറിയിച്ച് ഡിമാൻഡ് ലെറ്റർ കൈമാറിയെന്ന് സൂചനയുണ്ട്. എൻപതിനാലായിരം രൂപ മുതൽ ഒരു ലക്ഷത്തി നാൽപതിനായിരം രൂപ വരെയാണ് ശമ്പളമായി ഡിമാൻഡ് ലേറ്ററിൽ പറയുന്നത്. 

എട്ട് മണിക്കൂർ ജോലി, സൗജന്യ താമസം, ഭക്ഷണം, ഫ്രീ ടിക്കറ്റ് എന്നിങ്ങനെ വിദേശ ജോലി സ്വപ്നവുമായി നടക്കുന്നവരെ ആകർഷിക്കാനുള്ള കാര്യങ്ങളെല്ലാം ഡിമാൻഡ് ലേറ്ററിലുണ്ട്. മുപ്പതോളം പേർ ജോലിക്കായി ഇവരെ ഇതുവരെ സമീപിച്ചതായും വിവരമുണ്ട്.  2019 ജൂലൈ രണ്ടിനാണ് തിരുവനന്തപുരത്തെ ഏജൻസി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാല്‍, നാല് ദിവസം കഴിഞ്ഞ് 2019 ജൂലൈ 6 നാണ് കാനഡയിലെ അൽബെർട്ടയിലെ അഗ്രോ ഫാമിന്‍റെ പേരിലുള്ള വെബ്‌സൈറ്റ് നിർമിച്ചിരിക്കുന്നത്. 

കൊല്ലം സ്വദേശിയായ അഭിലാഷ് ഗോപാലകൃഷ്ണ പിള്ള, ബാവ സിംഗ് എന്നിവരുടെ പേരിലാണ് മുട്ടടയിലെ സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആളുകളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന ഏജൻസികൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അംഗീകാരം ആവശ്യമാണെന്നും അല്ലാത്തത്, രാജ്യത്തിന്‍റെ ഇമൈഗ്രെഷൻ നിയമം പ്രകാരം കുറ്റമാണെന്നും ഇത്തരത്തിൽ ലൈസൻസ് ഉള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ ജനങ്ങൾക്ക് നേരിട്ട് emigrate.gov.in എന്ന സർക്കാർ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണെന്നും നോർക്ക റിക്രൂട്ട്മെന്‍റ് വിഭാഗം മനേജർ അജിത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കഴിഞ്ഞ  കുറച്ച് നാളുകളായി കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് സംസ്ഥാനത്ത് പലയിടങ്ങളിലും നടന്ന് വരികയാണെന്നും ഇത്തരത്തിൽ വ്യാജ ഓഫർ ലെറ്ററിൽ കുടുങ്ങിയ പലരും തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ഇതേ വിലാസത്തിൽ മറ്റൊരു സ്ഥാപനവും നാല് മാസം മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഡയറക്ടർമാരായി അഭിലാഷ് ഗോപാലകൃഷ്ണ പിള്ള, ദേവൻ നായിക്ക് എന്നിവരുടെ പേരാണ് കൊടുത്തിരിക്കുന്നത്. അഭിലാഷിന്‍റെ പേരിൽ കൊല്ലത്ത്  എൻജിനിയറിങ് ട്രേഡിങ്ങ് & കോണ്ട്രാക്ടിങ്  എന്നൊരു സ്ഥാപനവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനി രജിസ്‌ട്രേഷൻ സമയത്ത്, ഓരോ ഡയറക്ടർമാർക്കും അനുവദിക്കുന്ന ഡയറക്ടർ ഐഡന്‍റിഫിക്കേഷൻ നമ്പറുകൾ ഈ സ്ഥാപനങ്ങലെ ഡയറക്ടർമാർക്കെല്ലാം ഉണ്ടെങ്കിലും കെവൈസി ഫോമുകൾ സമർപ്പിക്കാത്തതിനാൽ ഇവ നിർജീവമാണെന്നാണ് രേഖകളിൽ കൊടുത്തിരിക്കുന്നത്.  രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണർ പ്രമോദ് കുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios