ന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും  സാമൂഹിക, മനുഷ്യാവകാശപ്രവര്‍ത്തകനുമായ  ജോണ്‍ സാമുവലിനെ കെ പി സി സി പുതിയതായി തുടങ്ങിയ പബ്ലിക് പോളിസി വിഭാഗത്തിന്റ അധ്യക്ഷനായി നിയമിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ അറിയിച്ചു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി  പാര്‍ട്ടിയുടെ സാമൂഹിക സാമ്പത്തിക വികസന ഗവേഷണത്തിനു മാര്‍ഗ നിര്‍ദേശം നല്‍കുക, പ്രകടനപത്രിക തയാറാക്കുന്നതിനു സഹായിക്കുക മുതലായവയാണ് പുതിയ പബ്ലിക് പോളിസി വിഭാഗത്തിന്റെ ചുമതല.

ജെ എസ് അടൂര്‍ എന്ന അപരനാമത്തില്‍  എഴുതുന്ന  ജോണ്‍ സാമുവല്‍ 
ഐക്യരാഷ്ട്രസഭയുടെ വികസനവിഭാഗത്തില്‍ ആഗോള ഗവര്‍ണന്‍സ് വിഭാഗത്തിന്റെ തലവനായിരുന്നു. കേന്ദ്ര പ്ലാനിങ് കമ്മീഷനില്‍ ഗവര്‍ണന്‍സ് വര്‍ക്കിങ് കമ്മറ്റി അംഗവും  കേന്ദ്ര മനുഷ്യാവകാശ കമ്മീഷനില്‍ പരിശീലകനുമായിരുന്നു. 

നവ മാധ്യമ സംരംഭമായ  ഇന്‍ഫോചേഞ്ച് ഇന്ത്യ, ഗവേഷണ പ്രസിദ്ധീകരണമായ അജണ്ട മാസിക, സിറ്റിസണ്‍ റിപ്പോര്‍ട്ട് ഓണ്‍ ഗവണന്‍സ് ആന്‍ഡ് ഡെവലപ്പ്മെന്റ് എന്നിവയുടെ എഡിറ്ററായിരുന്നു. ഏകത പരിഷത്തെന്ന സാമൂഹിക പ്രസ്ഥാനത്തിന്റെ അധ്യക്ഷനായിരുന്നു.  ബോധിഗ്രാം എന്ന നേതൃപരിശീലനകേന്ദ്രത്തിന്റെയും സാമൂഹിക പ്രസ്ഥാനത്തിന്റെയും അധ്യക്ഷനാണ്.

പൂന സര്‍വ്വകലാശാലയില്‍ നിന്ന് എം എയും ഗവേഷണ ബിരുദവുമുണ്ട്. സസക്സസ്  സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്,  അഡ്വക്കസി ഇന്‍സ്റ്റിറ്റ്യൂട്ട് വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ ഫെലോ ആയിരുന്നു.

എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ  കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ സമിതിയാണ് ജോണ്‍ സാമുവലിനെ നാമനിര്‍ദേശം ചെയ്തത്.