കൊച്ചി: കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗവും ജോണി നെല്ലൂര്‍ വിഭാഗവും തമ്മിലുള്ള ലയന സമ്മേളനം ഇന്ന് കൊച്ചിയില്‍ നടക്കും. നാല് മണിക്ക് രാജേന്ദ്ര മൈതാനിയിലാണ് സമ്മേളനം. കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിലെ 10 ജില്ലാ പ്രസിഡന്റുമാരും ഭൂരിഭാഗം സംസ്ഥാന പ്രസിഡന്റുമാരും തനിക്കൊപ്പമാണെന്നാണ് ജോണി നെല്ലൂരിന്‍റെ അവകാശവാദം.

ജേക്കബ്ബ് ഗ്രൂപ്പ് പിരിച്ചുവിട്ടതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചതായും ജോണി നെല്ലൂര്‍ വ്യക്തമാക്കുന്നു. ജോണി നെല്ലൂരിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്നും ജേക്കബ്ബ് ഗ്രൂപ്പ് എന്ന നിലയില്‍ യുഡിഎഫില്‍ തുടരുമെന്നുമാണ് അനൂപ് ജേക്കബ്ബിന്‍റെ പ്രതികരണം. നേരത്തെ, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാനായിരുന്ന ജോണി നെല്ലൂരും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎൽഎയും വെവ്വേറെ വിളിച്ച യോഗങ്ങള്‍ വിളിച്ചിരുന്നു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനെ ചൊല്ലിയുള്ള ത‍ർക്കം കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനെ രണ്ടാക്കുകയായിരുന്നു. ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ്. ഭൂരിപക്ഷം ജില്ലാ പ്രസിഡന്‍റുമാരുടെയും പിന്തുണയുണ്ടെന്നാണ് ഇരുപക്ഷത്തിന്‍റെയും അവകാശവാദം.

ലയനത്തിലൂടെ യുഡിഎഫിലെ ശക്തമായ കേരള കോണ്‍ഗ്രസ് വിഭാഗമായി മാറാനാണ് ജോസഫ് വിഭാഗത്തിന്‍റെ ലക്ഷ്യം. കുട്ടനാട് സീറ്റിന്‍റെ കാര്യത്തിലും ജോസ് കെ മാണി വിഭാഗത്തെ മറികടക്കാന്‍ ലയന നീക്കം ഗുണം ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതീക്ഷ.