കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിയുമായി ഫോണില്‍ സംസാരിച്ചത് സൗഹൃദത്താലെന്ന് ജോണ്‍സണ്‍. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചവരില്‍ ഒരാള്‍   ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെയായിരുന്നു. ജോളിയുമായി ജോണ്‍സണ്‍  ഫോണിൽ സംസാരിച്ചിരുന്നെന്ന് കണ്ടെത്തിയതോടെ ഇയാളെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. 

ജോളിയുമായി സൗഹൃദമുണ്ടെന്നും ഫോണില്‍ സംസാരിച്ചത് സൗഹൃദത്തിന്‍റെ പുറത്തെന്നുമാണ് ജോണ്‍സന്‍റെ മൊഴി. ജോളിയോടൊപ്പം സിനിമയ്ക്ക് പോവുകയും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും തനിക്ക് അതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ജോണ്‍സണ്‍ പറയുന്നത്. 

അതേസമയം ടോം തോമസിന്‍റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ വിൽപത്രം ഉണ്ടാക്കിയ സംഭവത്തിൽ ജോളിയുടെ സുഹൃത്തായ തഹസിൽദാർ ജയശ്രീയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ പങ്ക് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ റവന്യൂമന്ത്രിയും ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.  ഉടൻതന്നെ റിപ്പോർട്ട് നൽകാനും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാനും കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.