10 പേരുടെ സ്ഥലം മാറ്റം റദ്ദ് ചെയ്തു എന്ന എൻജിഒ യൂണിയൻ പ്രചാരണം ജീവനക്കാരെയും പൊതു സമൂഹത്തേയും തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു. 5 പേരുടെ സ്ഥലം മാറ്റം മാത്രമാണ് ജില്ലാ കളക്ടർ റദ്ദ് ചെയ്തത് എന്നാണ് ജോയിന്റ് കൗൺസിലിന്റെ വാദം.

കോഴിക്കോട്: എൻജിഒ യൂണിയനെതിരെ (NGO Union) വീണ്ടും സിപിഐയുടെ (CPI) സർവീസ് സംഘടനയായ ജോയിന്‍റ് കൗൺസില്‍ (Joint Council). 10 പേരുടെ സ്ഥലം മാറ്റം റദ്ദ് ചെയ്തു എന്ന എൻജിഒ യൂണിയൻ പ്രചാരണം ജീവനക്കാരെയും പൊതു സമൂഹത്തേയും തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു. 5 പേരുടെ സ്ഥലം മാറ്റം മാത്രമാണ് ജില്ലാ കളക്ടർ റദ്ദ് ചെയ്തത് എന്നാണ് ജോയിന്റ് കൗൺസിലിന്റെ വാദം. ഇത് ഉത്തരവിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ കൗൺസിൽ നേതാക്കൾ ഉത്തരവിന്റെ പകർപ്പ് പുറത്തുവിട്ടു. 

പതിനൊന്ന് ദിവസം നീണ്ട സമരമാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടർന്ന് ഇന്ന് അവസാനിച്ചത്. പതിനാറ് വില്ലേജ് ഓഫീസർമാരില്‍ പത്ത് പേരുടെ സ്ഥലംമാറ്റം കളക്ടർ റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് എന്‍ജിഒ യൂണിയന്‍റെ സമരം അവസാനിപ്പിച്ചത്.

ഇന്ന് രാവിലെ നടത്തിയ മൂന്നാംവട്ട ചർച്ചയില്‍ 16ല്‍ പത്ത് വില്ലേജ് ഓഫീസർമാരുടെ സ്ഥലംമാറ്റം റദ്ദാക്കിയെന്ന് കളക്ടർ അറിയിച്ചു. ബാക്കിയുള്ളവരുടേത് പിന്നീട് പരിഗണിക്കും. ഇനിയുള്ള സ്ഥലംമാറ്റങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് കളക്ടർ ഉറപ്പ് നല്‍കിയെന്നും നേതാക്കൾ പറഞ്ഞു. ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന എന്‍ജിഒ യൂണിയന്‍ നേതാക്കളുടെതന്നെ പരാതിയെ തുടർന്ന് സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥനടക്കം ഇതോടെ പഴയ ജോലിസ്ഥലത്ത് തിരിച്ചെത്തും. 

എന്നാല്‍ അഞ്ച് പേരുടെ സ്ഥലമാറ്റം മാത്രമാണ് കളക്ടർ റദ്ദാക്കിയതെന്നും, ഇത്രയും ദിവസം കളക്ടറേറ്റിനെ സ്തംഭിപ്പിച്ച് സമരം നടത്തി ജനങ്ങളെ വലച്ച എന്‍ജിഒ യൂണിയന്‍ മാപ്പ് പറയണമെന്നും സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്‍റ് കൗൺസില്‍ ആവശ്യപ്പെടുന്നു.

കൊവിഡ് ദുരിതത്തിലായ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാതെ ഹാജർ രേഖപ്പെടുത്തി സമരത്തിനിറങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ വിമർശം ശക്തമായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം വരെ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഉറച്ച നിലപാടെടുത്ത കളക്ടർ മന്ത്രിതല ഇടപെടലുണ്ടായതിനെ തുടർന്നാണ് നിലപാട് മാറ്റിയതെന്നും സൂചനയുണ്ട്.