Asianet News MalayalamAsianet News Malayalam

'ഇപ്പോള്‍ പിടിച്ചത് നന്നായി': ജോളി കൊലകള്‍ തുടരുമായിരുന്നുവെന്ന സൂചന നല്‍കി എസ്‍പി

റോയ് തോമസ് വിഷം ചെന്നാണ്  കൊലപ്പെട്ടെതെന്ന വിവരം ഇപ്പോള്‍ പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പച്ചപ്പോള്‍ മാത്രമാണ് ഇയാളുടെ സഹോദരനടക്കമുള്ളവര്‍ അറിയുന്നത്. 

jolly may go for another murder if she remains free
Author
Kozhikode, First Published Oct 5, 2019, 7:33 PM IST

കോഴിക്കോട്: 14 വര്‍ഷം കൊണ്ട് ആറ് പേരെ കൊന്ന ജോളിയുടെ മാനസിക നിലയില്‍ അമ്പരന്ന് നില്‍ക്കുകയാണ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം. ജോളി ചെയ്ത എല്ലാ കൊലപാതകങ്ങളും സ്വത്തിനായിരുന്നില്ല ഒരോ കൊലപാതകം നടത്താനും ജോളിക്ക് ഒരോ കാരണങ്ങളുണ്ടായിരുന്നു. ഇവരെ ഇപ്പോള്‍ പിടിച്ചത് നന്നായി എന്നെനിക്ക് തോന്നുന്നു - ജോളിയുടെ അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട എസ്പി കെജി സൈമണ്‍ പറഞ്ഞു.

പതിനാല് വര്‍ഷത്തിനിടെ പലതവണയായി ആളുകളെ വകയിരുത്തിയ ജോളി വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് വിലയിരുത്തുന്നു. തന്നെ വക വരുത്താന്‍ ജോളി ശ്രമിച്ചെന്ന് റോയിയുടെ സഹോദരി മൊഴി നല്‍കിയെന്ന് വ്യക്തമാക്കിയ എസ്പി ഇപ്പോള്‍ പിടിയിലായിരുന്നില്ല എങ്കില്‍ ഇനിയും കൂടുതല്‍ കൊലപാതകങ്ങള്‍ ജോളി നടത്തിയേക്കാമെന്ന സൂചന കൂടി നല്‍കുന്നു. 

ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ജോളി സ്വന്തം നാട്ടില്‍ 14 വര്‍ഷത്തോളം കോഴിക്കോട് എൻഐടിയിലെ ലക്ച്ചറായി അഭിനയിക്കുകയായിരുന്നു. എന്‍ഐടിയിലെ ഐഡി കാര്‍ഡുമായി എല്ലാ ദിവസവും രാവിലെ കാറില്‍ കയറി ബ്യൂട്ടിപാര്‍ലറിലേക്ക് പോയ ജോളി എന്‍ഐടിയില്‍ നിന്നെന്ന പോലെ വൈകിട്ട് തിരിച്ചു വരുമായിരുന്നു .

ആറ് പേരെ കൊന്നുവെന്നത് മാത്രമല്ല അവ മൂടിവയ്ക്കാന്‍ വേണ്ടി ജോളി നടത്തിയ ശ്രമങ്ങളും സമാനതകളില്ലാത്തതാണ്.ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാനും ആഗ്രഹങ്ങള്‍ക്ക് തടസ്സമായി നിന്നവരേയുമാണ് ജോളി വക വരുത്തിയത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ടപ്പോള്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് വാദിച്ച് അത് ചെയ്തത് റോയിയുടെ അമ്മാവാനായ മാത്യുവാണ് ഇയാളേയും പിന്നീട് ജോളി വക വരുത്തി. 

ദാമ്പത്യജീവിതത്തില്‍ നിലനിന്ന പ്രശ്നങ്ങളെ തുടര്‍ന്നാണ് മുന്‍ഭര്‍ത്താവായ റോയിയെ ജോളി വിഷം കൊടുത്ത് കൊന്നത്. ഈ സമയത്ത് തന്നെ റോയിയുടെ സഹോദരനും ഇപ്പോഴത്തെ ഭര്‍ത്താവുമായ ഷാജുവിനോട് ജോളിക്ക് താത്പര്യമുണ്ടായിരുന്നതായി പൊലീസ് കരുതുന്നു. റോയിയുമായുള്ള ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്ന ജോളി ഷാജുവിനെ പോലൊരു ഭര്‍ത്താവിനെ തനിക്ക് കിട്ടിയിരുന്നുവെങ്കില്‍ സമാധാനമായി ജീവിക്കാമായിരുന്നു എന്ന് പറഞ്ഞിരുന്നതായി ചിലര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷാജുവിന്‍റെ ഒന്നരവയസുകാരി മകള്‍ ആല്‍ഫിനെ ഭക്ഷണത്തില്‍ സയനൈഡ് കലക്കിയും ഒന്നര വര്‍ഷം കഴിഞ്ഞ് ഭാര്യ സിലിയെ വെള്ളത്തില്‍ സൈനൈഡ് കലക്കിയും കൊടുത്താണ് ജോളി കൊന്നത്.  പിന്നീട് ജോളി തന്നെ മുന്‍കൈ എടുത്ത് നടത്തിയ നീക്കത്തിലൂടെ ഷാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു.

2002-ല്‍ അന്നമ്മ തോമസ് കൊലപ്പെടുന്നതോടെയാണ് കൂടത്തായി കൊലപാതക പരമ്പരയ്ക്ക് തുടക്കാവുന്നത്. എന്നാല്‍ 2002-ന് മുന്‍പേ തന്നെ ജോളി അന്നമ്മയെ വകവരുത്താന്‍ ശ്രമം നടത്തിയിരുന്നുവെന്ന വിവരവും ഇപ്പോള്‍ പൊലീസ് പങ്കുവയ്ക്കുന്നുണ്ട്. അന്ന് വിഷബാധയേറ്റ് അവശയായ അന്നമ്മ തോമസ് ദിവസങ്ങളോളം കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴി‍ഞ്ഞിരുന്നു. 

എന്നാല്‍ പല പരിശോധനകളും നടത്തിയിട്ടും അന്നമ്മയുടെ തകരാര്‍ എന്താണെന്ന് കണ്ടെത്താന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.  ഇതേ തുടര്‍ന്ന് ആശുപത്രിക്കെതിരെ  അന്നമ്മയുടെ ഭര്‍ത്താവ് പരാതി നല്‍കി. സത്യത്തില്‍ സയനൈഡ് ശരീരത്തിലെത്തിയതിനാലാണ് അന്നമ്മയ്ക്ക് വയ്യാതയെയാത്. അന്നമ്മയുടെ ശരീരത്തിലെ വിഷസാന്നിധ്യം കണ്ടെത്താന്‍ പക്ഷേ ആശുപത്രിയിലുള്ളവര്‍ക്ക് സാധിച്ചില്ല. 

റോയ് തോമസ് മരിച്ചത് വിഷം അകത്ത് ചെന്നാണെന്ന വിവരം ഇപ്പോള്‍ പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പച്ചപ്പോള്‍ മാത്രമാണ് ഇയാളുടെ സഹോദരനടക്കമുള്ളവര്‍ അറിയുന്നത്. റോയിയുടെ മരണം ഹൃദയാഘാതം മൂലമായിരുന്നുവെന്നാണ് ഉറ്റബന്ധുക്കളടക്കം വിശ്വസിച്ചിരുന്നത്. റോയ് സയനൈഡ് കഴിച്ചാണ് മരിച്ചതെന്ന് അറിയാമായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു ജോളി പറഞ്ഞു പരത്തിയിരുന്നത്. റോയ് മരണപ്പെടുന്ന സമയത്ത് താന്‍ അദ്ദേഹത്തിനായി അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു എന്നായിരുന്നു ജോളിയുടെ മൊഴി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോയി ഭക്ഷണം കഴിച്ച ശേഷമാണ് മരണപ്പെട്ടത് എന്ന് കണ്ടെത്തി. 

Follow Us:
Download App:
  • android
  • ios