തിരുവനന്തപുരം: അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചുവെന്നാരോപിച്ച്  കേരള കോൺഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങൾ  സ്പീക്കർക്ക് കത്ത് നൽകി. വിപ്പ് ലംഘിച്ച പി ജെ ജോസഫിനെതിരെയും  മോൻസ് ജോസഫിനെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗമാണ്  ആദ്യം സ്‍പീക്കര്‍ക്ക് കത്ത് നൽകിയത്. വോട്ടടുപ്പിൽ പങ്കെടുക്കരുതെന്ന വിപ്പ് ഇരുവരും ലംഘി‍ച്ചുവെന്നാണ്  പ്രഫ എൻ ജയരാജ് എംഎൽഎ സ്പീക്കർക്ക് നൽകിയ കത്തിലെ ആക്ഷേപം. 

ഇതിന് പിന്നാലെ പി ജെ ജോസഫ്  സ്പീക്കർക്ക് നൽകിയ കത്തിൽ റോഷി  അഗസ്റ്റിൻ, പ്രഫ ജയരാജ് എന്നിവർ യുഡിഎഫ് വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചു. എന്നാൽ അച്ചടക്ക നടപടിഎടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇരുവർക്കുമെതിരെ എന്ത് നടപടി എടുക്കണമെന്ന് സ്‍പീക്കറെ പിന്നിട് അറിയിക്കുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി. 

കഴിഞ്ഞ 24 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും അവിശ്വാസ പ്രമേയ ചർച്ചയും നടന്നത്. ഇതിൽ നിന്നും വിട്ടു നിൽക്കണം എന്നാവശ്യപ്പെട്ട് എംഎൽഎ മാരായ പി ജെ ജോസഫ്, മോൻസ് ജോസഫ്, സി എഫ് തോമസ് എന്നിവർക്ക് റോഷി അഗസ്റ്റിൻ വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ച് പി ജെ ജോസഫും മോൻസ് ജോസഫും വോട്ടു ചെയ്തു. കെ എം മാണി മരിച്ചതിന് ശേഷം ചേർന്ന പാർലമെന്‍ററി പാ‍ർട്ടി യോഗം മോൻസ് ജോസഫിനെ വിപ്പായി തെരഞ്ഞെടുത്തിരുന്നു. അതിനാൽ മോൻസ് നൽകിയ വിപ്പാണ് നില നിൽക്കുകയെന്നായിരുന്നു ജോസഫ് വിഭാഗത്തിന്‍റെ വാദം.