തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്‍റെ മുന്നണിപ്രവേശത്തിൽ സിപിഐയ്ക്കുള്ള അതൃപ്തി പറഞ്ഞുതീർക്കാൻ ജോസ് കെ മാണി സിപിഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലെത്തി. മുന്നണിപ്രവേശം ചർച്ച ചെയ്യാൻ ആദ്യം ജോസ് കെ മാണി എത്തിയത് എകെജി സെന്‍ററിലേക്കല്ല, എംഎൻ സ്മാരകത്തിലേക്കാണ്. കാനത്തെ കണ്ട ശേഷം ജോസ് കെ മാണി എകെജി സെന്‍ററിലേക്കാണ് പോയത്. അവിടെ മുഖ്യമന്ത്രി അടക്കം എല്ലാ നേതാക്കളെയും നേരിട്ട് കാണും. 

ജോസ് കെ മാണിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞതിനൊപ്പം കാനം ഒരു ഒളിയമ്പും വച്ചിരുന്നു. പല പാർട്ടികളും വന്ന് ഒരു കൊല്ലത്തിനകം മുന്നണി വിട്ടുപോയിട്ടുണ്ടല്ലോ - എന്നായിരുന്നു അത്. പിണക്കം പറഞ്ഞുതീർക്കാനാണ് ജോസ് കെ മാണി രാവിലെത്തന്നെ എം എൻ സ്മാരകത്തിലെത്തിയത്.

''ഇനി സിപിഎം നേതാക്കളെയും കാണുന്നുണ്ട്. എല്ലാം തീരുമാനിക്കേണ്ടത് ഇടതുമുന്നണി നേതൃത്വമാണ്'', എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി. കാനം മുന്നണിയിലേക്ക് സ്വാഗതം ചെയ്തോ എന്ന ചോദ്യത്തിന് ''അതെല്ലാം ഇന്നലെത്തന്നെ പറഞ്ഞതാണല്ലോ അദ്ദേഹം. കാനം നേരത്തെ പറഞ്ഞ വിമർശനങ്ങൾ യുഡിഎഫിൽ ഉണ്ടായിരുന്നപ്പോളാണ്'', എന്ന് ജോസിന്‍റെ മറുപടി. 

ആദ്യം സിപിഎം നേതാക്കളെ ജോസ് കെ മാണി കണ്ടിരുന്നു. ജോസ് വിഭാഗത്തെ എത്രയും വേഗം എൽഡിഎഫിൽ എത്തിക്കാൻ നീക്കങ്ങളുമായി സിപിഎം മുന്നോട്ടുപോകുമ്പോൾ, തലസ്ഥാനത്ത് തകൃതിയായ നീക്കങ്ങളാണ് ജോസ് കെ മാണി നടത്തുന്നത്. നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടത്തുകയാണ്. നാളെ എൽഡിഎഫ് യോഗം വിളിക്കാനാണ് സാധ്യത. ഇതിൽ ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് ജോസ് കെ മാണിയെ മുന്നണിയിലെത്തിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. 

കേരളാ കോണ്‍ഗ്രസുമായി സഹകരിക്കാൻ നയപരമായ പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതാണ്. ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച ശേഷം ആദ്യം സ്വാഗതം ചെയ്തത് മുഖ്യമന്ത്രിയാണ്. ഒരു പടികൂടി കടന്നാണ് വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ പിണറായിയുടെ പ്രതികരണം. ജോസ് കെ മാണിയുമായുള്ള സഹകരണം എൽഡിഎഫിന് കരുത്തേകും, യുഡിഎഫിനെ തളർത്തും - എന്ന് പിണറായി പറഞ്ഞു. ബാർ കോഴക്കേസിലെ ഇടതുമുന്നണിയുടെ നിലപാട് മാറിയോ എന്നതടക്കം പല തവണ ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ഉന്നയിച്ചെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥ പരിഗണിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. 

ദുർബലമാകുന്ന രാഷ്ട്രീയ കക്ഷികളുടെ വെന്‍റിലേറ്ററല്ല എൽഡിഎഫ് എന്ന് മൂന്ന് മാസം മുമ്പ് പറഞ്ഞ കാനം ഇന്ന് മയപ്പെട്ടെങ്കിലും കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കുന്നതിൽ അടക്കം എതിർപ്പ് തുടരുന്നു. അതേസമയം, നിയമസഭാ സീറ്റ് ചർച്ചകൾ തുടരവേ രാജിവച്ച രാജ്യസഭാ സീറ്റിലും ജോസ് കെ മാണി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സീറ്റ് എൻസിപിക്ക് നൽകിയുള്ള ഒത്തുതീർപ്പാണ് സിപിഎം പദ്ധതി. കാപ്പൻ പിണങ്ങിയാൽ സീറ്റ് സിപിഎം ഏറ്റെടുക്കാനും സാധ്യതയേറെയാണ്.