Asianet News MalayalamAsianet News Malayalam

ജോസ് കെ മാണി എൽഡിഎഫിൽ, ഔദ്യോഗിക പ്രഖ്യാപനമായി, ആശങ്കയോടെ എൻസിപി

സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് എല്ലാം ശരിയാക്കാമെന്ന് അറിയിച്ചു. യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി.

jose k mani in ldf official declaration out
Author
Thiruvananthapuram, First Published Oct 22, 2020, 5:12 PM IST

തിരുവനന്തപുരം:  ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും ഇടപെട്ടത് മുഖ്യമന്ത്രിയാണ്. എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നും, തൽക്കാലം യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിർദേശം അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും, സിപിഐ ഉൾപ്പടെ, അംഗീകരിച്ചു. മുന്നണി അംഗത്വത്തിന് എല്ലാ ഘടകകക്ഷികളുടെയും അംഗീകാരത്തോടെ,  കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഔദ്യോഗിക ഘടകകക്ഷിയായി. 

പാലായിൽ എന്തെങ്കിലും ധാരണയുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്ന് എൻസിപി എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു. ഇപ്പോൾ എൻസിപി നേതാവ് മാണി സി കാപ്പനാണ് പാലാ എംഎൽഎ.  കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയെ തോൽപ്പിച്ചാണ് മാണി സി കാപ്പൻ ജയിച്ചത്. അത്രയും കടുത്ത പോരാട്ടത്തിലൂടെ പിടിച്ചെടുത്ത സീറ്റ് അങ്ങനെ വിട്ടുനൽകാൻ എൻസിപിക്കും മനസ്സില്ല. 

എന്നാൽ അക്കാര്യങ്ങളെല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിലവിൽ കേരളാ കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി പക്ഷം എൽഡിഎഫിലേക്ക് വരുന്നത് മുന്നണിക്ക് ഗുണം ചെയ്യും. യുഡിഎഫ് ദുർബലമാകുകയും ചെയ്യും. അതിനാൽ അക്കാര്യമാണ് പ്രധാനമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. 

Follow Us:
Download App:
  • android
  • ios