കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് തലവേദനയായി കാഞ്ഞിരപ്പള്ളി സീറ്റും. ജോസ് കെ മാണി വിഭാഗം കാഞ്ഞിരപ്പള്ളി സീറ്റ് ആവശ്യപ്പെട്ടുവെന്ന വാർത്തയ്ക്കിടെയാണ് സിപിഐ ജില്ലാ കമ്മിറ്റി എതിർപ്പുമായി രംഗത്ത് വന്നത്. കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് പക്ഷത്തിന് നൽകുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ ജില്ലാ കമ്മിറ്റി എതിർപ്പറിയിച്ചിട്ടുണ്ട്.

ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചർച്ച ചെയ്യും. പാലാ സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ. ജോസിന്റെ മുന്നണി പ്രവേശനത്തിൽ സിപിഐ നിലപാടറിയാൻ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചർച്ച നടത്തും.

എൻസിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലാ സീറ്റ് വിഷയത്തില്‍ തത്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പന്‍റെ നീക്കം. മാണി സി കാപ്പൻ വിജയിച്ച സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ടിപി പീതാംബരൻ മാസ്റ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലാ, കുട്ടനാട്, ഏലത്തൂർ മണ്ഡലങ്ങളിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലാ വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ല. മാണി സി കാപ്പൻ എൻസിപി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.