ഇത്തരത്തിലുളള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ് വീണ്ടും വീണ്ടും ആക്രമങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നതെന്ന് എംപി പറഞ്ഞു.
തിരുവനന്തപുരം: രാജ്യത്ത് പലസംസ്ഥാനങ്ങളിലും ക്രൈസ്ത സമൂഹത്തിനു(Christian community) നേരെ നടക്കുന്ന സംഘടിത ആക്രമണങ്ങളില്‍ നടപടി വേണമെന്ന് ജോസ് കെ മാണി എംപി(Jose K Mani MP). ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്(Prime Minister Narendra Modi) എംപി കത്തയച്ചു. ക്രൈസ്ത സമൂഹത്തിനു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് അതീവ ഉത്കണ്ഠ ജനിപ്പിക്കുന്നതാണെന്ന് എംപി കത്തില്‍ പറഞ്ഞു.
ക്രിസ്മസ് രാത്രിയില്‍ ഹരിയാനയിലെ അമ്പാലയില്‍ കന്റോന്‍മെന്റ് ഏരിയയിലെ റെഡീമര്‍ ചര്‍ച്ചിന് നേകെ ആക്രമണം നടന്നിരുന്നു. ആക്രമണമത്തില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയില്‍ ഒരു സംഘം മതതീവ്രമുദ്രാവാക്യം ഉയര്‍ത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഗായകസംഘത്തെ തള്ളിയിടുകയും അധിക്ഷേപിക്കുകയും ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യയിലും അസമിലെ സില്‍ചാറിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ബെലഗാവിയില്‍ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാള്‍ പിന്തുടരുന്ന സംഭവവും ഉണ്ടായി.
ഇത്തരത്തിലുളള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ് വീണ്ടും വീണ്ടും ആക്രമങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നതെന്ന് എംപി പറഞ്ഞു. പലപ്പോഴും ആക്രമണത്തിനിരയായ വിഭാഗത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് അധികാരികളില്‍ നിന്നും ഉണ്ടാകുന്നതാണ് മുന്‍ അനുഭവങ്ങള്‍. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുളള സാഹചര്യം സൃഷ്ടിക്കണം. ഈ വിഷയങ്ങൾ എല്ലാം ചുണ്ടിക്കാട്ടി അടിയന്തിര ഇടപെടീൽ വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് ജോ കെ മാണി എംപി പറഞ്ഞു.
Read More: കർണാടകയില്‍ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; 160 വർഷത്തിലേറെ പഴക്കമുള്ള കൂടാരം തകര്‍ന്നു
160 വര്‍ഷത്തോളം പഴക്കമുള്ള ചര്‍ച്ചിന് നേരെയാണ് ഹരിയാനയില്‍ ആക്രമണം നടന്നത്. ക്രിസ്മസിന് രണ്ട് ദിവസം മുമ്പ് കര്‍ണ്ണാടകയിലും സമാനമായ ആക്രമണം നടന്നിരുന്നു. 160 വർഷത്തിലേറെ പഴക്കമുള്ള സെൻറ് ജോസഫ് പള്ളിയിലെ സെൻറ് ആൻറണീസ് കൂടാരത്തിന് നേരെയായിരുന്നു ആക്രമണം. ശബ്ദം കേട്ട് പള്ളിവികാരി പുറത്തിറങ്ങി നോക്കിയപ്പോൾ കൂടാരത്തിൻറെ ചില്ലുകൾ തകർന്ന നിലയിലാണ് കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. ആരാണ് അക്രമിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. കര്‍ണ്ണാടക സര്‍ക്കാരിന്‍റെ മതപരിവർത്തന നിരോധന ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
