കോട്ടയം: പാലായിലെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. ഇതുസംബന്ധിച്ച് യുഡിഎഫില്‍ പൊതുധാരണ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫിലുണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമായാണ് പി ജെ ജോസഫ്  വിഭാഗം ഇന്നലെ യോഗം ചേര്‍ന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ്, വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്. നിഷാ ജോസ് കെ മാണിയാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുക എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പാലായില്‍ മത്സരിക്കേണ്ടത് പൊതുസമ്മതനാണെന്ന നിലപാടുമായി ജോസ് കെ മാണി വിഭാഗത്തെ എതിര്‍ത്ത് പി ജെ ജോസഫ് രംഗത്തെത്തിയത്. എന്നാല്‍, സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്. 

വിഷയം യുഡിഎഫ് യോഗത്തില്‍ വരെ ചര്‍ച്ചയാകുകയും ഇരുവിഭാഗങ്ങള്‍ക്കും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തമ്മില്‍ത്തല്ലി വിജയസാധ്യതക്ക് മങ്ങലേല്‍പ്പിക്കാതെ എത്രയും വേഗം സമവായമുണ്ടാക്കാനാണ് യുഡിഎഫ് നിര്‍ദ്ദേശിച്ചത്. എന്നാല്‍, യുഡിഎഫ് യോഗത്തിനു ശേഷം സമവായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പി ജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ കോടതി ഉത്തരവ് വൈകുമെന്ന് ഉറപ്പായതോടെ ജോസഫ് വിഭാഗം യുഡിഎഫ് വിലക്ക് ലംഘിച്ച് കോട്ടയത്ത് രഹസ്യ യോഗം ചേര്‍ന്നു. ജോസഫ് വിഭാഗം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നത് ഗൂഢാലോചന നടത്താനാണെന്നാണ് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നത്.