കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കം തുടരവെ, സ്ഥാനം രാജിവയ്ക്കാൻ പുതിയ ഉപാധി വച്ച് ജോസ് കെ മാണി വിഭാഗം. കെഎം മാണി - പിജെ ജോസഫ് ലയന സമയത്തെ സീറ്റ് അനുപാതം തന്നെ വരുന്ന തെരഞ്ഞെടുപ്പിലും പാലിക്കണമെന്നാണ് നിബന്ധന.

ജില്ലാ പഞ്ചായത്തിൽ അടുത്ത തവണ  കൂടുതൽ സീറ്റ് അനുവദിക്കാമെന്ന് ഉറപ്പുതരികയാണെങ്കിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്നും ജോസ് കെ മാണി വ്യക്തമാക്കി. സീറ്റിന്റ കാര്യത്തിൽ പാർട്ടിയിൽ ആലോചിച്ചേ തീരുമാനിക്കാനാകുവെന്ന് പിജെ ജോസഫ് വ്യക്തമാക്കി. ഇതോടെ ജോസഫ് വിഭാഗത്തിന്റെ നിർണായക യോഗം നാളെ ചങ്ങനാശേരിയിൽ നടക്കും. 

മാണി-ജോസഫ് ലയന സമയത്തെ സീറ്റ് അനുപാതം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിൽ ബാധകമാക്കണം. ഉപാധികൾ അംഗീകരിച്ചാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാമെന്ന് ജോസ് കെ മാണി അറിയിച്ചു. നാളെ തീരുമാനം അറിയിക്കാമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി.