മത്സരിക്കുകയാണെങ്കിൽ പാലായിൽ തന്നെയെന്നത് തന്‍റെ തീരുമാനമായിരുന്നുവെന്ന് ജോസ് കെ മാണി വ്യക്തമാക്കുന്നു. യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം എൽഡിഎഫിൽ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പരിഹസിച്ച അദ്ദേഹം, ക്രൈസ്തവ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു.

പാലാ: മത്സരിക്കുകയാണെങ്കിൽ പാലായിൽ തന്നെയെന്നത് തന്‍റെ തീരുമാനമായിരുന്നുവെന്ന് ജോസ് കെ മാണി. പുറത്താക്കിയ ശേഷം മാസങ്ങളോളം യുഡിഎഫ് വിളിക്കുമെന്ന് കാത്തിരുന്നു. യുഡിഎഫിൽ നിന്ന് ചെയ്തതിനേക്കാൾ ക്രിയാത്മകമായി കാര്യങ്ങളിൽ ഇടപെടാൻ എൽഡിഎഫിൽ സാധിച്ചു. പ്രതിപക്ഷത്തേക്കാൾ കൂടുതൽ കാര്യങ്ങൾ സർക്കാരിനെ കൊണ്ട് ചെയ്യിക്കാൻ കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം വർധിപ്പിക്കുകയായിരുന്നു കേരള കോൺഗ്രസ് എം. മുന്നണിക്ക് തുടർ ഭരണമുണ്ടാകുമെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പ്രധാനമന്ത്രി പാലായിലെത്തുമെന്ന പ്രചാരണത്തിൽ കടുത്ത പരിഹാസത്തോടെയാണ് ജോസ് കെ മാണി മറുപടി പറഞ്ഞത്. നാളെ കുർബാന കൂടാനും കേന്ദ്രത്തിന്‍റെ അനുമതി വേണ്ടിവരുമോ എന്ന് അദ്ദേഹം ചോദിച്ചു. ആരാധനാലയങ്ങളുടെ എഫ്‍സിആർഎ ലൈസൻസ് പോലും റദ്ദാക്കുകയാണ്. പ്രധാനമന്ത്രി കേരളത്തിലേക്ക് വരുമ്പോൾ അതിന് കൂടി മറുപടി പറയണം. എൻട്രൻസ് പരീക്ഷ ഈസ്റ്റർ ദിനത്തിൽ പോലും നടത്തുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും പൂഞ്ഞാറിലെയും സ്ഥാനാർത്ഥികൾ ഇതിന് മറുപടി പറയണം. അനാവശ്യ സംസാരത്തേക്കാൾ വലുത് പ്രവൃത്തിയാണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് മാധ്യമങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്. ജനങ്ങളുമായി എന്നും അടുത്തു നിൽക്കുന്ന നേതാവാണ് താൻ. ചെയ്യാൻ പറ്റുന്ന കാര്യമേ പറയാറുള്ളൂ എന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.