കോട്ടയം: കേരളാ കോൺഗ്രസ് എമ്മിനെ ഘടകകക്ഷിയാക്കാനുള്ള എൽഡിഎഫ് യോഗത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ മാണി. തീരുമാനം വൻ രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കും. കെ എം മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ച ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എൽഡ‍ിഎഫ് തീരുമാനമെന്നും ജോസ് കെ മാണി പ്രതികരിച്ചു. 

തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും  ഇടപെട്ടത് മുഖ്യമന്ത്രിയാണ്. എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നും, തൽക്കാലം യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിർദേശം അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും, സിപിഐ ഉൾപ്പടെ, അംഗീകരിച്ചു. മുന്നണി അംഗത്വത്തിന് എല്ലാ ഘടകകക്ഷികളുടെയും അംഗീകാരത്തോടെ,  കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഔദ്യോഗിക ഘടകകക്ഷിയായി.