യുഡിഎഫിലേക്ക് മാറുമ്പോ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എൻസിപി പ്രതീക്ഷിക്കുന്നതെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു

കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പൻ പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. പാലായിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ നടന്നിട്ടില്ല. മാണി സി കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്തതയില്ലെന്നും വ്യക്തതയില്ലാത്ത കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേ സമയം യുഡിഎഫിലേക്ക് മാറുമ്പോ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എൻസിപി പ്രതീക്ഷിക്കുന്നതെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റിന്‍റെ കാര്യം ദേശീയ നേതൃത്വം ഇതിന് മുൻപ് ചര്‍ച്ച ചെയ്തിരുന്നു. ഐശ്വര്യ കേരളയെ സ്വീകരിക്കും എന്ന് പാവാറിനോടും പ്രഫുൽ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു എന്നും മാണി സി കാപ്പൻ പറഞ്ഞു.

എന്നാൽ എൻസിപിയുടെ മുന്നണി മാറ്റത്തിൽ അന്തിമ നിലപാട് പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ അറിയിച്ചു. ശരദ് പവാറും, പ്രഫുൽ പട്ടേലും ചർച്ച പൂർത്തിയാക്കിയിട്ടില്ലെന്നും അന്തിമ നിലപാട് കേരളത്തിലെത്തിയ ശേഷം താനോ മുംബൈയിൽ ദേശീയ നേതാക്കളോ നടത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.