തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മിനെ ഘടകകക്ഷിയാക്കാനുള്ള ഇടതുമുന്നണി തീരുമാനം സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നതായി ജോസ് കെ മാണി. കെ എം മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനും അതിനൊപ്പം നിലപാടെടുത്ത ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ്. കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന തീരുമാനമാണിതെന്നും ജോസ് കൂട്ടിച്ചേർത്തു.  

'മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മന്ത്രിസഭയിൽ ഇപ്പോൾ ചേരുമെന്നത് ഉഹാപോഹം മാത്രമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ  ചർച്ചയാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമുള്ള മേഖലകളിൽ സീറ്റ് ലഭിക്കും. ഇത് ആവശ്യപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്കും സമയമായില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. 

പാർട്ടിയിലേക്ക് വളരെ അധികം ആളുകൾ മടങ്ങിവരുന്നുണ്ട്. പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോക്കില്ല. സഭ ഇക്കാര്യങ്ങളിൽ ഇടപെടാറില്ല. കുടുംബത്തിലെ ആൾ പാലായിൽ മത്സരിക്കുമെന്ന് പറയുന്നതിൽ പുതുമയില്ലെന്നും സഹോദരി ഭർത്താവ് എം.പി ജോസഫിന്റെ പ്രഖ്യാപനങ്ങളെക്കുറിച്ച് ജോസ് കെ മാണി പ്രതികരിച്ചു.