കോട്ടയം: താന്‍ പാർട്ടി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞുള്ള ഉത്തരവ് തുടരുമെന്ന കോടതി വിധിയുടെ  പകര്‍പ്പ് കിട്ടിയതിന് ശേഷം തുടര്‍നടപടികളെക്കുറിച്ച്  നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം കൈകൊള്ളേണ്ടത്. അതേസമയം ഔദ്യോഗിക പക്ഷത്തേക്ക് വരണമെന്ന് തന്നെയാണ് തോമസ് ഉണ്ണിയാടനോട് പറയാനുള്ളതെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

രണ്ട് മാസം മുമ്പ് കോട്ടയത്ത് ചേർന്ന ബദൽ സംസ്ഥാന കമ്മിറ്റി, ചെയർമാനായി തെരഞ്ഞെടുത്തെങ്കിലും ചെയർമാന്‍റെ അധികാരങ്ങൾ ഉപയോഗിക്കാൻ ജോസ് കെ മാണി ഇനിയും കാത്തിരിക്കണമെന്ന് വ്യക്തമാക്കുന്നതാണ് കോടതി ഉത്തരവ്. ചെയർമാന്‍റെ ഓഫീസ് കൈകാര്യം ചെയ്യാൻ പാടില്ല, അച്ചടക്ക നടപടി എടുക്കരുത് തുടങ്ങി തൊടുപുഴ മുൻസിഫ് കോടതി പുറത്തിറക്കിയ സ്റ്റേ തുടരുമെന്ന് ഉത്തരവിൽ ഇടുക്കി മുൻസിഫ് വ്യക്തമാക്കിയിട്ടുണ്ട്. 

ഒരു മാസം നീണ്ട വാദത്തിന് ഒടുവിലാണ് ഇടുക്കി കോടതി ജോസഫ് വിഭാഗത്തിന് അനുകൂല ഉത്തരവ് പ്രഖ്യാപിച്ചത്. കേസ് കേൾക്കുന്നതിൽ നിന്ന് തൊടുപുഴ മുൻസിഫ് പിന്മാറിയതോടെയാണ് ഇടുക്കി കോടതിലേക്ക് കേസ് എത്തിയത്. ചെയ‍ർമാൻ തെരഞ്ഞെടുപ്പിനെതിരെ ജോസഫ് വിഭാഗമാണ് ആദ്യം ഹർജി നൽകിയത്. ഇതിൽ സ്റ്റേ നൽകിയത് തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്ന് കാണിച്ച് പിന്നീട് ജോസ് കെ മാണി വിഭാഗവും കോടതിയെ സമീപിക്കുകയായിരുന്നു.