കോട്ടയം: ജോസ് കെ മാണിയെ കേരളാ കോൺഗ്രസ്(എം) ചെയർമാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം. പാർട്ടിയിലെ മുതിർന്ന നേതാവ് സി എഫ് തോമസിനെ കണ്ട് മാണി വിഭാഗം ജില്ലാ പ്രസി‍ഡന്‍റുമാരാണ് ആവശ്യമുന്നയിച്ചത്. 

പാർട്ടി ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് വേണമെന്നും വിവിധ ജില്ലകളിലെ കേരളാ കോൺഗ്രസ് പാർട്ടി പ്രസിഡന്‍റുമാർ ആവശ്യമുന്നയിച്ചു. 

14 ജില്ലകളിൽ 10 ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്‍റ് പദവിയിലുള്ളത്. ഇതിൽ ഒൻപത്പേരാണ് സി എഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചത്. സി എഫ് തോമസ് പാർലമെന്‍ററി പാർട്ടി നേതാവാകണമെന്നും ഇവർ സംയുക്തമായി ആവശ്യപ്പെട്ടു. 

കെഎം മാണിക്ക് ശേഷം നേതൃസ്ഥാനത്തിലേക്ക് ആരാണെന്നതിനെ ചൊല്ലി കേരളാ കോൺഗ്രസിൽ അധികാര വടംവലി അതിരൂക്ഷമായി തുടരവെയാണ് നിലപാട് വ്യക്തമാക്കി മാണി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

കെഎം മാണിക്ക് പകരം പിജെ ജോസഫ് പാർട്ടി ചെയർമാനാകണമെന്ന നിലപാട് ഒരു വിഭാഗം പ്രവർത്തകർക്ക് ഉണ്ട്. എന്നാൽ പിജെ ജോസഫിന്‍റെ കയ്യിലേക്ക് പാർട്ടിയുടെ താക്കോൽ സ്ഥാനം വച്ചുകൊടുക്കുന്നതിൽ ജോസ് കെ മാണിക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്.

പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും പി ജെ ജോസഫിനെ പൂർണമായും ഒഴിവാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് മാണി വിഭാഗം  പാർട്ടി ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനവും ആവശ്യപ്പെടുന്നത്.

എന്നാൽ മാണി വിഭാഗത്തിന്‍റെ നീക്കത്തിൽ സി എഫ് തോമസിന് അത്യപ്തിയുണ്ടെന്നാണ് സൂചന. പാർട്ടിയിലെ അധികാര തർക്കം വഷളാക്കരുതെന്ന് പ്രസിഡന്‍റുമാരോട് സി എഫ് തോമസ് അഭ്യർത്ഥിച്ചുവെന്നാണ് സൂചന.