കോട്ടയം: ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന കടുംപിടുത്തം പി ജെ ജോസഫ് തുടരുമ്പോള്‍ പത്രിക സമര്‍പ്പണത്തിന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി.  യുഡിഎഫില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായി ജോസ് കെ മാണി അറിയിച്ചു. പത്രിക സമർപ്പണത്തിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജോസ് ടോം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്ന പി ജെ ജോസഫിന്‍റെ പ്രസ്താവനയ്ക്ക് ചെന്നിത്തല തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയില്‍ ജോസഫിനെ കൊണ്ട് രണ്ടില ചിഹ്നം നല്‍കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാളുടെ പത്രികയില്‍ ഒപ്പ് വയ്ക്കില്ലെന്നും ചിഹ്നം നല്‍കില്ലെന്നും  ജോസഫ് തുറന്നടിച്ചത്. പാലായിലേത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല. കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. അതുകൊണ്ട് രണ്ടില ചിഹ്നം നല്‍കില്ല.  പാര്‍ട്ടി നടപടിയെടുത്ത വ്യക്തിയാണ് ജോസ് ടോം. ചിഹ്നം വേണ്ട എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുമാണല്ലോ. യുഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചതുകൊണ്ട് താന്‍ തെര‌ഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നുമായിരുന്നു പി ജെ ജോസഫിന്‍റെ പ്രതികരണം.

എന്നാല്‍ ജോസ് ടോം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്ന ജോസഫിന്‍റെ  നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളിയിരുന്നു. ജോസ് ടോം കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ സ്ഥാനാര്‍ത്ഥി തന്നെയാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.രണ്ടില ചിഹ്നം ഉറപ്പില്ലാത്ത സാഹചര്യത്തിൽ രണ്ടുതരത്തില്‍ നാളെ പത്രിക നല്‍കാനാണ് ജോസ്  കെ മാണി പക്ഷത്തിന്‍റെ ആലോചന. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ഒരു പത്രികയും സ്വതന്ത്രനെന്ന നിലയില്‍ സ്വതന്ത്ര ചിഹ്നം ആവശ്യപ്പെട്ട് മറ്റൊരു പത്രികയും നല്‍കാനാണ് ആലോചന.