കോട്ടയം: സീറ്റും ചിഹ്നവും കിട്ടണം, ജോസഫിന്‍റെ നേതൃത്വം അംഗീകരിക്കില്ല. കടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജോസ് കെ മാണി. ചിഹ്നം തരാൻ പി ജെ ജോസഫ് തയ്യാറായില്ലെങ്കിൽ സ്വതന്ത്രചിഹ്നത്തിൽ മത്സരിക്കാനും മടിക്കില്ലെന്നാണ് ജോസ് കെ മാണിയുടെ അന്ത്യശാസനം. രണ്ടിലച്ചിഹ്നത്തിൽ ജോസഫ് അനാവശ്യവിവാദങ്ങൾ തുടർന്നാൽ സ്വതന്ത്രരായി മത്സരിക്കുന്ന നീക്കവുമായി മുന്നോട്ടു പോകുമെന്ന് ജോസ് കെ മാണി യുഡിഎഫിനെ അറിയിച്ചു. വൈകിട്ടാണ് സമവായത്തിനായി കോട്ടയത്ത് യുഡിഎഫ് വിളിച്ച യോഗം. 

ചിഹ്നം പി ജെ ജോസഫിന്‍റെ ഔദാര്യമല്ല. അത്തരത്തിൽ ഒരു വിട്ടു വീഴ്‍ചയും ചെയ്യേണ്ടതില്ലെന്നാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ പൊതുവികാരം. നിഷാ ജോസ് കെ മാണി മത്സരിക്കുന്നതിനോടാണ് പാർട്ടിയിൽ ഭൂരിഭാഗം പേർക്കും താത്പര്യമെന്ന് ജോസ് കെ മാണി പക്ഷം. 

പാലായിൽ നിഷാ ജോസ് കെ മാണി മത്സരിക്കാൻ സാധ്യത കുറവെന്നാണ് ഇന്ന് രാവിലെ പി ജെ ജോസഫ് പ്രതികരിച്ചത്. സമവായമുണ്ടാക്കാൻ യുഡിഎഫ് വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നും ജോസഫ് പറഞ്ഞു.

''എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥിയെന്നതാണ് നേതാക്കളുടെ തീരുമാനം. (നിഷ മത്സരിക്കാൻ സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവർത്തകർ) ഓ.. സാധ്യത കുറവാ'', എന്ന് ജോസഫ്.

ഇന്ന് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകില്ലെന്നും ജോസഫ് പറയുന്നു. ആരെങ്കിലും ഏകപക്ഷീയമായി തീരുമാനമെടുത്താൽ അംഗീകരിക്കില്ലെന്നും ജോസഫ്. 

പ്രശ്നത്തിലായത് കോൺഗ്രസാണ്. യുഡിഎഫ് ഇപ്പോൾ ഇരുപക്ഷത്തിനും മുന്നിൽ ഒരു സമവായ നിർദേശം മുന്നോട്ടു വച്ചിരിക്കുകയാണ്. ജോസ് പക്ഷം സ്ഥാനാർത്ഥിയെ തീരുമാനിക്കട്ടെ, ജോസഫ് ചിഹ്നം നൽകി അത് അംഗീകരിക്കണം. ചർച്ചയ്ക്ക് മുമ്പേ സമവായത്തിലെത്തണം. സീറ്റിൻമേൽ തർക്കവുമായി ഒരു ചർച്ച വേണ്ട. ചർച്ചയ്ക്ക് മുമ്പ് ഇത്തരമൊരു സമവായം വരട്ടെ എന്നാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന സമവായഫോർമുല. 

എന്നാൽ ജോസ് പക്ഷം ഈ ഫോർമുലയോടും ഉടക്കി നിൽക്കുകയാണ്. ജോസഫ് ചിഹ്നം നൽകേണ്ട കാര്യമില്ല. കെ എം മാണിയുടെ പാർട്ടിയാണ് കേരളാ കോൺഗ്രസ് എം. അതിന്‍റെ രണ്ടിലച്ചിഹ്നം ജോസഫ് നൽകേണ്ടതില്ല. അത് ജോസ് കെ മാണിയുടേത് തന്നെയാണ്. ചിഹ്നം ജോസ് കെ മാണി തന്നെയാകും നൽകുകയെന്ന് ജോസ് വിഭാഗം നേതാക്കൾ പറയുന്നു.

ജോസഫ് ചിഹ്നം നൽകുന്നു എന്ന് വന്നാൽ ജോസ് കെ മാണി ജോസഫിനെ പാർട്ടി ചെയർമാനായി അംഗീകരിക്കുന്നതിന് തുല്യമാകും. കോടതിയിൽ കേസ് നടക്കുന്ന സാഹചര്യത്തിൽ അത്തരമൊരു നീക്കം അനുവദിക്കില്ലെന്ന് ജോസ് കെ മാണി പക്ഷം പറയുന്നു.

എന്നാൽ ജോസഫ് വഴങ്ങുന്ന മട്ടില്ല. തന്നെ നേതാവായി അംഗീകരിച്ചാൽ ചിഹ്നം തരാം. അതിനൊരു ബുദ്ധിമുട്ടുമില്ലെന്നാണ് ജോസഫ് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് മുതലെടുത്ത് പാർട്ടി കൈപ്പിടിയിലൊതുക്കാനാണ് ജോസഫ് ശ്രമിക്കുന്നത്. സമ്മതിച്ച് തരില്ലെന്ന് ജോസ് കെ മാണി പക്ഷവും. 

ഈ സാഹചര്യത്തിൽ വൈകിട്ട് നടക്കുന്ന യുഡിഎഫ് യോഗം നിർണായകമാവും. യോഗത്തിൽ പ്രശ്നപരിഹാരമുണ്ടാകുമോ അതോ ഉടക്കിപ്പിരിയുമോ എന്ന് കാത്തിരുന്ന് കാണാം.